ന്യൂദൽഹി - അമ്മ-മകൻ സ്‌നേഹത്തിന്റെ മനോഹരദൃശ്യം പകർന്ന് സോണിയാ-രാഹുൽ ഫോട്ടോ. കോൺഗ്രസ് സ്ഥാപക ദിനത്തിന്റെ 138-ാം വാർഷികാഘോഷ പരിപാടിക്കിടെ എ.ഐ.സി.സി ആസ്ഥാനത്ത് വച്ചാണ് ഈ മനോഹരനിമിഷം ക്യാമറയിൽ പതിഞ്ഞത്.
സോണിയാഗാന്ധിയുടെ തൊട്ടടുത്തിരിക്കുന്ന രാഹുൽഗാന്ധി സ്‌നേഹത്തോടെ അമ്മയുടെ താടിയിലും കവിളിലും പിടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അമ്മ സ്‌നേഹത്തോടെ കൈ തട്ടിമാറ്റാൻ ശ്രമിക്കുമ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ മകൻ അത് ഏറ്റുവാങ്ങുന്നതിന്റെ സന്തോഷം ഇരുവരുടെയും മുഖഭാവങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളിപ്പോൾ സമൂഹമാധ്യമങ്ങളും സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.
വാത്സല്യവും കുസൃതിയും നിറഞ്ഞ രാഹുലിന്റെ അമ്മസ്‌നേഹവും കരുതലും ഇതിനു മുമ്പും സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചതാണ്. സോണിയയുടെ ഷൂ ലെയ്‌സ് കെട്ടുന്നത് മുതൽ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കിടുന്നതടക്കമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്.