നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'മൂത്തോന്‍' ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തീയായി. ഗീതു മോഹന്‍ദാസ് തന്നെയാണ് ഫേസ് ബുക്ക്‌പേജ് വഴി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരമറിയിച്ചത്. നിവിനല്ലായിരുന്നെങ്കില്‍ മൂത്തോന്‍ എന്നൊരു പ്രോജക്ട് ഇതുപോലെ ആകുമായിരുന്നില്ല, സഖാവിന് സല്യൂട്ട്. എന്നും നിവിനെ പ്രശംസിച്ച് ഗീതു മോഹന്‍ദാസ് കുറിച്ചു.
തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കന്നത് ഗീതു മോഹന്‍ദാസും, ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഭര്‍ത്താവ് രാജീവ് രവിയുമാണ്. ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് എന്നുള്ള പ്രത്യേകതയും മുത്തോന്‍ എന്ന സിനിമയ്ക്കുണ്ട്.
ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ്തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍ റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൂത്തചേട്ടനെ ലക്ഷദ്വീപില്‍ മൂത്തോന്‍ എന്നാണ് വിളിക്കുന്നത്. മൂത്തവന്‍ എന്നാണ് അര്‍ഥം. മൂത്തോന്‍ മലയാള ചിത്രമായിട്ടാണ് ചിത്രീകരിക്കുക. ലൊക്കേഷനില്‍ ബോംബെയും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ കഥാപാത്രങ്ങളില്‍ ഭാഷയായി ഹിന്ദി കടന്നുവരുന്നുണ്ട്. സിനിമയുടെ കഥയിലേക്ക് കടക്കുമ്പോള്‍ തന്നെ നിവിന്‍പോളിയെയാണ് മുഖ്യ കഥാപാത്രമായി താന്‍ കണ്ടത് എന്നും അതിനാലാണ് കഥാപാത്രത്തിന് യോജിച്ച ആള്‍ എന്ന രീതിയിലാണ് നിവിനെ കാസ്റ്റ് ചെയ്തത് എന്നും ഗീതു പറഞ്ഞു. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് നിവിന്‍. എനിക്കും ക്ലീഷേ കാസ്റ്റിംഗ് ആകരുത് എന്ന വിചാരമുണ്ടായിരുന്നു എന്നും കഥപാത്രം നിവിനും ഇഷ്ടമായിയെന്നും, ഗീതു മോഹന്‍ദാസ് പറയുന്നു. ഗ്ലോബല്‍ ഫിലിംമേക്കിംഗ് പുരസ്‌കാരവും മുത്തോന്‍ സിനിമയുടെ തിരക്കഥയ്ക്ക് ഗീതുവിന് ലഭിക്കുകയുണ്ടായി.