Sorry, you need to enable JavaScript to visit this website.

കേംബ്രിജ് അനലിറ്റിക്ക യു.എസിലും പാപ്പര്‍ ഹരജി നല്‍കി

ന്യൂയോര്‍ക്ക്- ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തലിലൂടെ വിവാദത്തിലായ ബ്രിട്ടീഷ് രാഷ്ട്രീയ വിശകലന, കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ന്യൂയോര്‍ക്കില്‍ പാപ്പര്‍ ഹരജി നല്‍കി.
ഡാറ്റ ചോര്‍ത്തല്‍ വിവാദം ഏല്‍പിച്ച ആഘാതത്തില്‍നിന്ന് കരകയറാന്‍ സാധിക്കാത്ത സ്ഥാപനം അടച്ചുപൂട്ടുകയാണെന്നും ബ്രിട്ടനിലും അമേരിക്കയിലും പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്യുമെന്നും ഈ മാസം ആദ്യം വെളിപ്പെടുത്തിയിരുന്നു. കേംബ്രിജ് അനലിറ്റിക്ക അറ്റോര്‍ണി കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അമേരിക്കയില്‍ പാപ്പര്‍ ഹരജി നല്‍കിയത്.
ഒരു ലക്ഷം ഡോളര്‍ മുതല്‍ അഞ്ച് ലക്ഷം ഡോളര്‍ വരെ ആസ്തിയുള്ള സ്ഥാപനത്തിന്റെ ബാധ്യത പത്ത് ലക്ഷം ഡോളര്‍ മുതല്‍ ഒരു കോടി ഡോളര്‍ വരെയാണെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2016 ല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിത്തം വഹിച്ച സ്ഥാപനം കുപ്രചാരണങ്ങള്‍ കാരണം നാശത്തിലാണെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. വസ്തുതകള്‍ക്ക് നിരക്കാത്തതും തെളിയിക്കപ്പെടാത്തതുമായ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ പ്രചരിപ്പിക്കുന്നതെന്നായിരുന്നു കേംബ്രിജ് അനലിറ്റിക്കയുടെ വാദം. മാധ്യമ പ്രചാരണം കാരണം എല്ലാ ബിസിനസ് ഇടപാടുകാരും തങ്ങളില്‍നിന്ന് അകന്നുപോയെന്നും ഇനി പിടിച്ചുനില്‍ക്കാനാവില്ലെന്നുമാണ്  അടച്ചുപൂട്ടിക്കൊണ്ട് നല്‍കിയ പത്രക്കുറിപ്പില്‍ കേംബ്രിജ് അനലിറ്റിക്ക പറഞ്ഞിരുന്നത്. 
കഴിഞ്ഞ മാര്‍ച്ചില്‍ കനഡക്കാരനായ 28 കാരന്‍ ക്രിസ്റ്റഫര്‍ വെയ്‌ലി നടത്തിയ വെളിപ്പെടുത്തലാണ് കേംബ്രിജ് അനലിറ്റിക്കയെ വിവാദത്തിലേക്കും പാപ്പറാകുന്നതിലേക്കും നയിച്ചത്. വ്യക്തിത്വ പ്രവചന ആപ്പിലൂടെ 87 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. 
 

Latest News