ന്യൂദല്‍ഹി-രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം തുടങ്ങി. ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം പിബിയില്‍ ഉയര്‍ന്നു വന്നേക്കും. പരാതി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പി ബി യോഗത്തില്‍ അറിയിക്കും. പ്രശ്‌നം പരിശോധിക്കാന്‍ സംസ്ഥാനനേതൃത്വത്തിനു നിര്‍ദേശം നല്‍കാനാണ് സാധ്യത. ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തിലാണ് പി ജയരാജന്‍ ആക്ഷേപം ഉന്നയിച്ചത്. അതേസമയം പി ജയരാജന്‍ ഇതുവരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കിയിട്ടില്ല. രേഖാമൂലം പരാതി ലഭിക്കുന്ന മുറയ്ക്ക് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയ്‌ക്കെടുക്കാമെന്ന നിലപാടിലാണ് നേതൃത്വം.
മുന്‍കൂട്ടി നിശ്ചയിച്ച പി ബിയുടെ അജന്‍ഡയില്‍ സംഘടനാ വിഷയങ്ങളില്ല. കേന്ദ്രക്കമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നത് എന്നതിനാല്‍ പാര്‍ട്ടി ഗൗരവത്തോടെയാണ് ഇത് കാണുന്നത്. അന്വേഷണത്തോട് യോജിപ്പാണെന്നാണ് കേന്ദ്രനേതൃത്വം സൂചിപ്പിക്കുന്നത്. വിവാദം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. ഇപി ജയരാജനെതിരായ അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണായകമാകും. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടേറിയറ്റംഗം പി ജമലയ്യ, സംസ്ഥാനകമ്മിറ്റിയംഗം എം രാമകൃഷ്ണ എന്നിവര്‍ക്കെതിരെ അടുത്തിടെ അച്ചടക്ക നടപടി എടുത്തിരുന്നു.