സുകുമാരേട്ടൻ പാട്ടു നിർത്തി പോയിരിക്കുന്നു. സി.കെ. ഹസ്സൻ കോയക്കയാണ് വിളിച്ചറിയിച്ചത്. കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. പി.സക്കീർ ഹുസൈനും ഞാനും കൂടി അടുത്ത ദിവസം അദ്ദേഹത്തെ പോയി കാണാനിരുന്നതാണ്. സാധിച്ചില്ല. പഴയ ആൽബം എടുത്തു മറിച്ചു നോക്കി. സുകുമാരേട്ടനോടൊപ്പമുള്ള കുറെ ഫോട്ടോകൾ....
അതു കണ്ടപ്പോൾ എല്ലാ വേദികളിലും അദ്ദേഹം പാടാറുള്ള
തസ്‌വീർ തേരി ദിൽ മേരാ
ബെഹ് ലാ ന സകേഗീ എന്ന ഗാനമാണ് മനസ്സിൽ ഒഴുകിയെത്തിയത്.
തലത്ത് മെഹമൂദ് പാടിയ ഗാനങ്ങൾ അതിമനോഹരമായി പാടുമായിരുന്നു സുകുമാരേട്ടൻ. പ്രത്യേകിച്ച് തസ്‌വീർ തേരി എന്ന ഗാനം. അദ്ദേഹം പാടിയ കാനന മോഹന കന്യകളേ എന്ന ഗാനം ഒരു കാലത്ത് സ്‌കൂൾ കലാപരിപാടികളിൽ കുട്ടികളുടെ സംഘനൃത്തത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു. എസ്. ജാനകിയോടൊത്ത് അദ്ദേഹം പാടിയ മണിമുകിലേ മണിമുകിലേ എന്ന ഗാനം പഴയ തലമുറയിലെ ഗാനാസ്വാദകർക്ക് മറക്കാനാവാത്തതാണ്. കഴിഞ്ഞ തവണ വടകര പതിയാരക്കരയിലുള്ള വീട്ടിൽ ചെന്ന് കാണുമ്പോൾ പരസഹായമില്ലാതെ എണീറ്റ് നടക്കാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നു അദ്ദേഹം. പാടാനെനിക്ക് ഒരു ബുദ്ധിമുട്ടുമില്ല എന്നാണ് അപ്പോഴും അദ്ദേഹം പറഞ്ഞത്.
1985 ലാണെന്ന് തോന്നുന്നു അദ്ദേഹം ജിദ്ദയിൽ വന്നത്. അന്ന് ജിദ്ദയിൽ മലയാളി ഗായികമാർ ഉണ്ടായിരുന്നില്ല. ബംഗ്ലാദേശ് എംബസി സ്‌കൂളിൽ അധ്യാപികയായിരുന്ന റാബിയ ഹാറൂൻ എന്ന ബംഗാളി ഗായികയാണ് സുകുമാരേട്ടന്റെ കൂടെ അന്ന് മലയാള യുഗ്മഗാനങ്ങൾ പാടിയത്. ഞാനും സുകുമാരേട്ടനും അവരുടെ വീട്ടിൽ ചെന്ന് പാട്ട് പഠിപ്പിക്കുകയായിരുന്നു.
നാട്ടിൽ ഗാനമേളകളുടെ തിരക്കിൽനിന്നൊഴിഞ്ഞാണ് സുകുമാരേട്ടൻ പ്രവാസം തെരഞ്ഞെടുത്തത്. ഗാനമേള കൊണ്ട് മാത്രം ആ ജീവിതം മുന്നോട്ടു പോകുമായിരുന്നില്ല. ദമാമിലെത്തിയ അദ്ദേഹം ഒരു ടെയ്‌ലറിംഗ് ഷോപ്പ് തുടങ്ങി. ഈ ജോലിക്കൊപ്പമാണ് ഒരു സംഗീത ട്രൂപ്പും തുടങ്ങിയത്. ഇതിനിടെയാണ് രോഗം ബാധിച്ച് നാട്ടിലേക്ക് മടങ്ങിയത്. നാട്ടിൽ തിരിച്ചെത്തിയെങ്കിലും കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല.
അവസാന കാലത്ത് സാമ്പത്തികമായും അദ്ദേഹം വളരെ പ്രയാസപ്പെട്ടിരുന്നു. ഗായിക കെ. എസ്. ചിത്ര മാസം തോറും മുടങ്ങാതെ ഒരു തുക അയച്ചു കൊടുത്തിരുന്നതായി അദ്ദേഹം നന്ദിയോടെ സ്മരിച്ചു. പാട്ടുള്ള കാലത്തോളം സുകുമാരേട്ടൻ ഇനിയുമുണ്ടാകും.