റിയാദ് - സാങ്കേതിക വാഹന പരിശോധനകള്‍ പാസാകാന്‍ ചെറിയ വാഹനങ്ങളില്‍ അഗ്നിശമന സിലിണ്ടറും റിഫഌക്റ്റീവ് ട്രയാങ്കിള്‍ സിഗ്നലും ഉണ്ടായിരിക്കല്‍ നിര്‍ബന്ധമില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ (ഫഹ്‌സുദ്ദൗരി) അറിയിച്ചു. സാങ്കേതിക വാഹന പരിശോധനകള്‍ പാസാകാന്‍ ചെറിയ വാഹനങ്ങളില്‍ അഗ്നിശമന സിലിണ്ടറും റിഫഌക്റ്റീവ് ട്രയാങ്കിള്‍ സിഗ്നലും നിര്‍ബന്ധമാണെന്നും ഇവയില്ലാത്ത പക്ഷം വാഹനങ്ങള്‍ പരിശോധനയില്‍ പരാജയപ്പെടുമെന്നും ഈ മാസം 19 ന് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫഹ്‌സുദ്ദൗരി അറിയിച്ചിരുന്നു.
അഗ്നിശമന സിലിണ്ടറും റിഫഌക്റ്റീവ് ട്രയാങ്കിള്‍ സിഗ്നലും ഇല്ലാത്തതിന്റെ പേരില്‍ തന്റെ വാഹനം ഫഹ്‌സുദ്ദൗരി കേന്ദ്രത്തില്‍ നടത്തിയ സാങ്കേതിക പരിശോധനയില്‍ പരാജയപ്പെട്ടെന്നും ഇതേ കുറിച്ച് ഫഹ്‌സുദ്ദൗരി സെന്റര്‍ ഡയറക്ടറുമായി ആശയവിനിമയം നടത്തിയപ്പോള്‍ നിയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ വാഹന പരിശോധന പാസാകാന്‍ അഗ്നിശമന സിലിണ്ടറും റിഫഌക്റ്റീവ് ട്രയാങ്കിള്‍ സിഗ്നലും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും തന്നെ അറിയിച്ചെന്നും ഇതേ കുറിച്ച് ബന്ധപ്പെട്ടവര്‍ മുന്‍കൂട്ടി അറിയിക്കുകയോ ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി സൗദി പൗരന്മാരില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് അഗ്നിശമന സിലിണ്ടറും റിഫഌക്റ്റീവ് ട്രയാങ്കിള്‍ സിഗ്നലും വാഹന പരിശോധനക്ക് നിര്‍ബന്ധമാക്കിയതായി ഡിസംബര്‍ 19 ന് ഫഹ്‌സുദ്ദൗരി അറിയിച്ചത്.
ഇതേ കുറിച്ച വാര്‍ത്തകള്‍ പുറത്തുവരികയും സംഭവം വിവാദമാവുകയും ചെയ്തതോടെയാണ് ആദ്യ നിലപാടില്‍ നിന്ന് ഫഹ്‌സുദ്ദൗരി പിന്നോക്കം പോയത്. അഗ്നിശമന സിലിണ്ടറും റിഫഌക്റ്റീവ് ട്രയാങ്കിള്‍ സിഗ്നലും ചെറിയ വാഹനങ്ങളില്‍ ഉണ്ടായിരിക്കണമെന്നത് അലെര്‍ട്ട് ക്ലോസ് ആയാണ് വാഹന പരിശോധനാ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് നിര്‍ബന്ധമാക്കിയിട്ടില്ലെന്നുമാണ് ഫഹ്‌സുദ്ദൗരി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)