റിയാദ്- 20 വർഷം തന്റെ കൃഷിയിടം നോക്കി നടത്തിയ ഇന്ത്യൻ തൊഴിലാളി മരിച്ചപ്പോൾ അവരുടെ കുടുംബത്തിന് സ്‌പോൺസർ സഹായമായി വീണ്ടും നൽകിയത് 41,000 റിയാൽ (ഏകദേശം ഒമ്പത് ലക്ഷം രൂപ). ബാക്കി ശമ്പളവും ആനുകൂല്യങ്ങളും അധികമായി നൽകിയതിന് പുറമെയാണ് വൻ തുകയുടെ ഈ സഹായവും.
റിയാദ് തുമൈറിൽ കഴിഞ്ഞയാഴ്ച മരിച്ച ഉത്തർപ്രദേശ് മഹാരാജ്ഗഞ്ച് സ്വദേശി മുഹമ്മദ് ഇർഫാ(53) ന്റെ കുടുംബത്തിനാണ് സ്‌പോൺസർ നവാഫ് മുഹമ്മദ് ഇബ്രാഹീം അൽഫൈസൽ എന്ന അബൂ നവാഫ് ഇത്രയും വലിയ സംഖ്യ അയച്ചു കൊടുത്തത്.
തന്റെ കുടുംബാംഗത്തെ പോലെയായിരുന്നു സൗദി കുടുംബത്തിന് മുഹമ്മദ് ഇർഫാൻ. തോട്ടത്തിലെ മുഴുവൻ കാര്യങ്ങളും ഇദ്ദേഹമായിരുന്നു നോക്കിയിരുന്നത്.
ഈത്തപ്പനയും മറ്റു കൃഷികളുമുള്ള ഈ തോട്ടം ഇങ്ങനെ പാകപ്പെടുത്തിയതിന് പിന്നിലും ഇർഫാനായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ഇദ്ദേഹം മരിച്ചത്. തുമൈർ ജനറൽ ആശുപത്രിയിലെത്തിക്കാനും മൃതദേഹം തുമൈറിൽ അടക്കം ചെയ്യാനുമെല്ലാം സ്‌പോൺസർ കൂടെയുണ്ടായിരുന്നുവെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ തുമൈർ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ വാജിദ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മൃതദേഹം ഖബറടക്കിയ ശേഷം കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ വാജിദ് സ്‌പോൺസറെ അറിയിക്കുകയായിരുന്നു. ഭാര്യയും മക്കളുമടക്കം ആറംഗ കുടുംബമായിരുന്നു ഇർഫാന്റേത്. എന്നാൽ അടുത്ത ദിവസം തന്റെ കൂടെ വരണമെന്നും ഭാര്യയുടെ അക്കൗണ്ട് നമ്പർ തരണമെന്നും അബൂ നവാഫ് പറഞ്ഞു. നേരത്തെയുള്ള ബാക്കി ശമ്പളവും ആനുകൂല്യങ്ങളും മകന്റെ അക്കൗണ്ടിലേക്കാണ് അയച്ചു കൊടുത്തിരുന്നത്.
പിറ്റേ ദിവസം അബൂ നവാഫിനോടൊപ്പം വാജിദ് ബാങ്കിലെത്തി. ഇർഫാന്റെ അക്കൗണ്ടിലേക്ക് പണമയച്ച സ്ലിപ് നൽകിയപ്പോൾ വാജിദിന് വിശ്വസിക്കാനായില്ല. 41,000 റിയാലാണ് വീണ്ടും ട്രാൻസ്ഫർ ചെയ്തിരിക്കുന്നത്. അഥവാ 8,78,272 രൂപ. അവരത് സ്വീകരിച്ചുവെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ശമ്പളം പോലും നൽകാൻ മടി കാണിക്കുന്ന തൊഴിലുടമകളുടെ കഥകൾ കേൾക്കുമ്പോഴാണ് തുമൈറിൽ നിന്ന് മനുഷ്യ സ്‌നേഹത്തിന്റെ കഥ പുറത്തു വരുന്നത്.