Sorry, you need to enable JavaScript to visit this website.

പറയുന്നത് കള്ളം; മോഡിക്ക്  മറുപടിയുമായി മമത

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. വസ്തുതകള്‍ പരിശോധിക്കാതെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഞങ്ങളെ അപമാനിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. പ്രധാനമന്ത്രിയില്‍നിന്ന് ഒരിക്കലും ഇതു പ്രതീക്ഷിച്ചതല്ല. ഒരു മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കെതിരെ ഇങ്ങനെ സംസാരിക്കേണ്ടി വരില്ല.വസ്തുതകള്‍ പരിശോധിക്കാതെയാണ് പ്രധാനമന്ത്രി മോഡി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബി.ജെ.പിക്കാരാണ് സംസ്ഥാനത്ത് 10 ടി.എം.സിക്കാരെ കൊലപ്പെടുത്തിയത്. പക്ഷേ ജനങ്ങള്‍ ഞങ്ങളുടെ കൂടെയാണ്- മമതാ ബാനര്‍ജി പറഞ്ഞു.
പശ്ചിമ ബംഗാളിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മുഴുവന്‍ ഫലങ്ങളും ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, പ്രതിപക്ഷം ഒന്നിച്ചു നടത്തിയ കുപ്രചാരണങ്ങളെ അതിജീവിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് 90 ശതമാനം സീറ്റുകളും നേടിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അവകാശപ്പെടുന്നു.

പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ കൂട്ടക്കൊലയാണെന്ന് വ്യാഴാഴ്ച പ്രധാമന്ത്രി മോഡി ആരോപിച്ചിരുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരൊഴിച്ച് എല്ലാ പാര്‍ട്ടിക്കാരും കൊല്ലപ്പെട്ടുവെന്നും മോഡി പറഞ്ഞിരുന്നു.
അല്‍പം രക്തമൊഴുകിയിട്ടുണ്ട്. ചില ഭീകരസംഭവങ്ങള്‍ അരങ്ങേറി. നമ്മള്‍ ആഗ്രഹിക്കാത്ത അനിഷ്ട സംഭവങ്ങള്‍- മമതാ ബാനര്‍ജി പറഞ്ഞു. ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മറ്റു സംസ്ഥാനങ്ങളിലെ പോലെയല്ല. പഞ്ചായത്ത് വോട്ടെടുപ്പ് ഇവിടെ വലിയ രാഷ്ട്രീയ കാര്യമാണ്. പ്രാദേശികമായ ശത്രുത ഇവിടെ പുറത്തുവരുന്നു. ഒരേ കുടുംബത്തിലുള്ളവര്‍ തന്നെ പരസ്പരം മത്സരിക്കുന്നത് കുടുംബ പ്രശ്‌നങ്ങള്‍ക്കും വഴി തുറക്കുന്നു. പക്ഷേ 13 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 10 പേരും തൃണമൂല്‍ കോണ്‍ഗ്രസുകാരാണ്. സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകരാണ് സഖ്യം ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തിയത്. അതാണ് എഫ്.ഐ.ആര്‍ പറയുന്നത്- മമതാ ബാനര്‍ജി വിശദീകരിച്ചു.
ബഹുമുഖമായ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് മമത രോഷത്തോടെ പറഞ്ഞു. എന്താണ് ഇനി തങ്ങള്‍ക്കെതിരെ ചെയ്യാന്‍ ബാക്കിയുള്ളത്. ഒരു ഭാഗത്ത് ഇന്ത്യാ ഗവണ്‍മെന്റ്, കൊല്‍ക്കത്ത ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പലവിധ കേസുകള്‍. എനിക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. ഓരോ ചുവടിലും തടസ്സങ്ങളാണ്. ഇങ്ങനെയൊന്നും ഇതിനുമുമ്പ് കണ്ടിട്ടില്ല-അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്നാണ് ബി.ജെ.പി കള്ളം പറയുന്നത്. 2013 ല്‍ ബി.ജെ.പി 11,000 പത്രികകളാണ് സമര്‍പ്പിച്ചതെങ്കില്‍ ഇക്കുറി അവര്‍ സി.പി.എമ്മിന്റെ സഹായത്തോടെ 28,000 പത്രികകള്‍ നല്‍കി. പിന്നെ എന്തിനാണ് അവര്‍ കള്ളം പറയുന്നത്-മമത ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അടിച്ചോടിക്കുന്നതു കാരണം തങ്ങള്‍ക്ക് പത്രിക നല്‍കാനാവുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അവകാശപ്പെട്ടത് തുടക്കം മുതല്‍തന്നെ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ വിവാദത്തിലാക്കിയിരുന്നു. 
മാവോയിസ്റ്റുകളോടൊപ്പം ചേര്‍ന്നും സംസ്ഥാനത്ത് ബി.ജെ.പിക്കാര്‍ കുഴപ്പമുണ്ടാക്കുകയാണെന്ന് മമത ആരോപിച്ചു. ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോഴാണ് ബംഗാളില്‍ ഈ രീതി കൈക്കൊള്ളുന്നത്. ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡ്, അസം സംസ്ഥാനങ്ങളില്‍നിന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബി.ജെ.പി പണം ഒഴുക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബി.ജെ.പിയോടൊപ്പം ചേര്‍ന്നതിന്റെ ഫലം കോണ്‍ഗ്രസും അനുഭവിക്കുകയാണെന്നും മുര്‍ഷിദിബാദിലേയും മാള്‍ഡയിലേയും ശക്തികേന്ദ്രങ്ങള്‍ അവര്‍ക്ക് നഷ്ടമായെന്നും മമത കുറ്റപ്പെടുത്തി.  
 

Latest News