ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദല്‍ഹിയില്‍ പ്രവേശിച്ചു. രാജ്യത്തെ സാധാരണക്കാര്‍ ഇപ്പോള്‍ സ്‌നേഹത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. ഓരോ സംസ്ഥാനത്തും ലക്ഷക്കണക്കിനു പേരാണ് ഭാരത് ജോഡോ യാത്രയില്‍ അണിനിരന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും നേതാക്കളോട് എനിക്കു പറയാനുള്ളത്, നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തില്‍ ഞങ്ങള്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്നാണ്. അവര്‍ വെറുപ്പു പരത്തുന്നു, ഞങ്ങള്‍ സ്‌നേഹവും' എന്ന് രാഹുല്‍ പറഞ്ഞു.ഇന്നു പുലര്‍ച്ചെ ഫരീദാബാദ് അതിര്‍ത്തിയില്‍ ദല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനില്‍ ചൗധരിയുടെ നേതൃത്വത്തില്‍ രാഹുലിനേയും യാത്രികരേയും സ്വീകരിച്ചു. പാര്‍ട്ടി നേതാക്കളായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, കുമാരി സെല്‍ജ, രണ്‍ദീപ് സുര്‍ജേവാല എന്നിവരും യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നു. സോണിയ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വകഭേദം ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് യാത്ര നിര്‍ത്തിവെക്കണമെന്ന് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.