Sorry, you need to enable JavaScript to visit this website.

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തൂത്തുവാരി

കൊല്‍ക്കത്ത- പരക്കെ അക്രമത്തില്‍ കലാശിക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയത് പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനു തന്നെ മേധാവിത്വം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിട്ടും 90 ശതമാനം സീറ്റുകളും നേടാനായത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിത്തറയുടെ കരുത്താണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അവകാശപ്പെട്ടു. 
ഗ്രാമപഞ്ചായത്തുകളില്‍ 9270 സീറ്റുകള്‍ തൃണമൂല്‍ നേടിയപ്പോള്‍ പല ജില്ലകളിലും മുഖ്യ എതിരാളിയായി ബി.ജെ.പി രംഗത്തു വന്നിട്ടുണ്ട്. 2137 ഗ്രാമ പഞ്ചായത്ത് സീറ്റുകളില്‍ ടി.എം.സി മുന്നേറുന്നതായും സംസ്ഥാന ഇലക്്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 
2079 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പി 200 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 562 സീറ്റുകള്‍ കരസ്ഥമാക്കിയ സി.പി.എം 113 സീറ്റുകളില്‍ ലീഡ് ചെയ്യുന്നതായും ഇലക്്ഷന്‍ കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് 315 സീറ്റുകളില്‍ വിജയിച്ചു. 61 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 707 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ കരസ്ഥമാക്കി. നൂറിലേറെ സീറ്റുകളില്‍ കക്ഷിരഹിതര്‍ ലീഡ് ചെയ്യുന്നുമുണ്ട്. 
പഞ്ചായത്ത് സമിതികളില്‍ 95 എണ്ണം കരസ്ഥമാക്കിയ ടി.എം.സി 65 എണ്ണത്തില്‍ ലീഡ് ചെയ്യുന്നുമുണ്ട്. ജില്ലാ പരിഷത്തില്‍ പത്ത് സീറ്റ് നേടിയ ടി.എം.സി 25 സീറ്റുകളില്‍ മുന്നേറുന്നു. 
മുര്‍ഷിദാബാദ്, മള്‍ഡ എന്നീ ജില്ലകളിലൊഴികെ എല്ലായിടത്തും ബി.ജെ.പിയാണ് ടി.എ.സിക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. മുര്‍ഷിദാബാദിലും മാള്‍ഡയിലും കോണ്‍ഗ്രസിന്  ഇപ്പോഴും സ്വാധീനമുണ്ട്. മുര്‍ഷിദാബാദില്‍ 466 സീറ്റുകള്‍ ടി.എം.സി നേടിയപ്പോള്‍ കോണ്‍ഗ്രസ് 83 സീറ്റുകളുമായി പിന്നിലുണ്ട്. ഇവിടെ സി.പി.എമ്മിനും ബി.ജെ.പിക്കും യഥാക്രമം 48 ഉം 24 ഉം സീറ്റുകളാണ് ലഭിച്ചത്. പുരുലിയ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ ബി.ജെ.പിയാണ് ടി.എം.സിക്കും മുന്നില്‍. ഉച്ചക്ക് രണ്ട് മണി വരെ ഇവിടെ 275 സീറ്റുകള്‍ ബി.ജെ.പി പിടിച്ചടക്കിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 262 സീറ്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ. കോണ്‍ഗ്രസും ബി.ജെ.പിയും യഥാക്രമം 60 ഉം 44 ഉം സീറ്റുകള്‍ നേടി. 
സൗത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ടി.എം.സി 1028 ഗ്രാമ പഞ്ചായത്ത് സീറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ ബി.ജെ.പിക്ക് 177 ഉം സി.പി.എമ്മിന് 72 ഉം കോണ്‍ഗ്രസിന് 16 ഉം സീറ്റ് ലഭിച്ചു. ഈസ്റ്റ് മിഡ്‌നാപുരില്‍ ടി.എം.സി 1075 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പിക്ക് 74 ഉം സി.പി.എമ്മിന് 55 ഉം കോണ്‍ഗ്രസിന് അഞ്ചും സീറ്റ് ലഭിച്ചു. 
20 ജില്ലകളിലെ 621 ജില്ലാ പരിഷത്തുകളിലേക്കും 6123 പഞ്ചായത്ത് സമിതികളിലേക്കും 31,802 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കുമാണ് ഈ മാസം 14 ന് വോട്ടെടുപ്പ് നടന്നത്. കനത്ത സുരക്ഷയില്‍ ഇന്നലെ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 
48,650 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 16,814 എണ്ണത്തില്‍ ടി.എം.സി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 9217 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 3059 സീറ്റുകളിലും എതിര്‍ സ്ഥാനാര്‍ഥികളുണ്ടായില്ല. 823 ജില്ലാ പരിഷത്ത് സീറ്റുകളല്‍ 203 എണ്ണത്തിലും എതിര്‍ സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ വോട്ടെടുപ്പ് വേണ്ടിവന്നില്ല. 

Latest News