Sorry, you need to enable JavaScript to visit this website.

ചൈന കോവിഡ് കണക്ക് നല്‍കുന്നില്ല, ആശുപത്രികള്‍ നിറഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന

ജനീവ- കോവിഡ് വീണ്ടും പടരുന്ന  ചൈനയില്‍ രാജ്യത്തുടനീളം ആശുപത്രികള്‍ നിറഞ്ഞിരിക്കയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ).ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാനാണ് ചെനായിലെ സ്ഥിതിഗതികള്‍ മുന്‍നിര്‍ത്തി മുന്നറിയിപ്പ് ആവര്‍ത്തിച്ചത്.  
പൊതുജനാരോഗ്യ, സാമൂഹിക നടപടികള്‍ കൊണ്ടു മാത്രം പകര്‍ച്ചവ്യാധിയെ പൂര്‍ണമായും തടഞ്ഞുനിര്‍ത്താന്‍ സാധ്യമല്ലെന്ന് ആഴ്ചകളായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കോവിഡ് 19 മൂലം ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്ന് ചൈനീസ് അധികൃതര്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ്  ഉന്നത ആരോഗ്യ ഉദ്യോഗസ്ഥന്റെ പരാമര്‍ശം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ബീജിംഗിലെയും മറ്റ് നഗരങ്ങളിലെയും ആശുപത്രികള്‍ നിറഞ്ഞിരിക്കയാണ്. എന്നാല്‍ ചൈനയില്‍ ചൊവ്വാഴ്ച അഞ്ച് പേരും തിങ്കളാഴ്ച രണ്ട് പേരും മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍.
ചൈനയിലെ പുതിയ സാഹചര്യത്തെക്കുറിച്ച് താന്‍ വളരെയധികം ആശങ്കാകുലനാണെന്നും രോഗ തീവ്രത, ആശുപത്രി പ്രവേശനം, തീവ്രപരിചരണ ആവശ്യകതകള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു.
പുതിയ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട  ആശങ്കകള്‍ വിശദീകരിക്കുന്നതിനായി ചൈനയുടെ സ്‌റ്റേറ്റ് കൗണ്‍സില്‍ ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കൊറോണ വൈറസ് മൂലമുണ്ടാകുന്ന ന്യുമോണിയയും ശ്വാസകോശ സംബന്ധമായ തകരാറും മാത്രമാണ് കോവിഡ് മരണങ്ങളായി കണക്കാക്കുന്നതെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ പ്രൊഫ.വാങ് ഗുയിക്യാങ് ഈ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അടിസ്ഥാന രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ടിലും പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2020 ന്റെ തുടക്കത്തില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ചൈനയില്‍ മൊത്തം 10,112,335 കോവിഡ് കേസുകളും 31,431 മരണങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തത്.

 

Latest News