കാസർകോട്- വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിദേശികളുടെ അക്കൗണ്ടിൽനിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി മുംബൈയിലേക്ക് കൊണ്ടുപോയി. മുംബൈ സത്താനഗർ റോബെ ചിത്തക്യാമ്പിലെ സെയ്ഫ് അലിബാഗി (28)നെയാണ് മുംബൈയിലേക്ക് കൊണ്ടുപോയത്.
കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഇയാളെ കാസർകോട് ടൗൺ സി.ഐ അബ്ദുൽ റഹീം കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
കേസിൽ സെയ്ഫ് അലിബാഗിന് പുറമെ ഉപ്പള പുത്തൻകുറിയിലെ നിഷാദ് (30), തളങ്കര കടവത്ത് ക്രസന്റ് റോഡിൽ താമസിക്കുന്ന ഹിദായത്ത് നഗർ ചെട്ടുംകുഴിയിലെ മുഹമ്മദ് നജീബ് (24), കണ്ണൂർ ചെറുകുന്ന് കൊട്ടിലവളപ്പിൽ കെ.വി. ബഷീർ (31), കണ്ണൂർ ചെറുകുന്ന് കൊട്ടിലവളപ്പിലെ കെ.വി. അബ്ദുർ റഹ്മാൻ (30), മുളിയാർ മൂലയടുക്കയിലെ എ.എം. മുഹമ്മദ് റിയാസ് (22), വിദ്യാർഥി മുളിയാർ മൂലയടുക്കത്തെ അബ്ദുൽ മഹ്‌റൂഫ് ബാസിത്ത് അലി (20) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെയെല്ലാം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.
തട്ടിപ്പ് ആസൂത്രണം ചെയ്തത് മുംബൈയിലാണെന്നും ഇതിന് നേതൃത്വം നൽകിയത് അലിബാഗ് ആണെന്നും പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ യു.പി സ്വദേശിയെ കൂടി ഇനി പിടികൂടാനുണ്ട്. ഇയാളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. അമേരിക്കയിലെ രഹസ്യ കേന്ദ്രത്തിൽനിന്ന് ഓൺലൈൻ വഴി ലഭിക്കുന്ന അക്കൗണ്ട് നമ്പർ, ക്രെഡിറ്റ് കാർഡ്, പിൻനമ്പർ എന്നിവ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.