ന്യൂദൽഹി- കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉറപ്പു നല്‍കി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് വിവിധ ആവശ്യങ്ങളുമായി ദല്‍ഹിയിലെത്തിയ 'ടീം ഹിസ്‌റ്റോറിക്കല്‍ ഫ് ളൈറ്റ് ജേണി' പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍ നിന്നുള്ള ഉദ്ഘാടന വിമാനത്തില്‍ അബുദാബിയിലേക്കും തിരികെയും യാത്ര ചെയ്തവരുടെ കൂട്ടായ്മയാണ് ഹിസ്‌റ്റോറിക്കല്‍ ഫ് ളൈറ്റ് ജേണി.
ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി കണ്ണൂരിനെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. സ്മൃതി ഇറാനിയും ഉറപ്പു നല്‍കി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, ജോണ്‍ ബ്രിട്ടാസ് എംപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്മൃതി ഇറാനിയുമായുള്ള കൂടിക്കാഴ്ച. ഇക്കാര്യത്തില്‍ സജീവമായി ഇടപെടുമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി.അബ്ദുല്ലക്കുട്ടിയും പ്രതിനിധിസംഘത്തെ അറിയിച്ചു.
കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍ എന്നിവരെയും സംഘം ദല്‍ഹിയിലെ ഓഫിസുകളിലെത്തി നേരില്‍ക്കണ്ട് കണ്ണൂര്‍ വിമാനത്താവള വികസനത്തിന് പിന്തുണ തേടി. എംപിമാരായ കെ.സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.സന്തോഷ് കുമാര്‍, വി.ശിവദാസ്, കെ.മുരളീധരന്‍, എ.എ.റഹിം എന്നിവരുമായും കോണ്‍ഗ്രസ് നേതാവ് ഡോ. ഷമ മുഹമ്മദ് ഉള്‍പ്പെടെയുള്ള നേതാക്കളുമായും വ്യാപാര വ്യവസായ രംഗത്തുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തി.
എയര്‍ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളുടെ ഓഫിസുകളിലും സംഘാംഗങ്ങള്‍ നേരിട്ടെത്തി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. വിദേശ വിമാനങ്ങള്‍ക്ക് അനുമതി, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍, വിദേശത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനവും സംഘം നല്‍കി.
ഹിസ്‌റ്റോറിക്കല്‍ ഫ് ളൈറ്റ് ജേണി വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് കെ.എസ്.എ, സെക്രട്ടറി ടി.വി.മധുകുമാര്‍, കോഓര്‍ഡിനേറ്റര്‍ റഷീദ് കുഞ്ഞിപ്പാറാല്‍, എ.സദാനന്ദന്‍ തലശ്ശേരി, ജയദേവ് മാല്‍ഗുഡി, എസ്.കെ.ഷംസീര്‍, ബൈജു കുണ്ടത്തില്‍, ഫൈസല്‍ മുഴപ്പിലങ്ങാട്, കെ.വി.ബഷീര്‍, അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, ഹാരിഫ് മൊയ്തു തുടങ്ങിയവരാണ് പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്.