മുംബൈ- കുറച്ചു പണത്തിനുവേണ്ടി ഒരു ഭാര്യയെ ഇങ്ങനെ പരസ്യമായി പീഡിപ്പിക്കാന്‍ അനുവദിക്കാമോ എന്ന ചോദ്യവുമായി റിട്ട.ഐ.പി.എസ് ഓഫീസര്‍ എം. നാഗേശ്വര റാവു.
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും നടി ദീപിക പദുകോണും അഭിനയിച്ച പഠാന്‍ സിനിമക്കെതിരെ ഉയര്‍ന്ന വിവാദത്തില്‍ എല്ലാ അതിരുകള്‍ക്കുമപ്പുറത്തുള്ള വൃത്തികെട്ട ചോദ്യമാണ് ഇയാള്‍ ഉന്നയിച്ചിരിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശമുയര്‍ന്നു. പഠാന്‍ സിനിമയില്‍ വിവാദമായ ഗാനരംഗത്തിലെ ദീപികയുടെ ശരീര ഭാഗങ്ങള്‍ സൂം ചെയ്തുകൊണ്ടുള്ള ചിത്രങ്ങള്‍ സഹിതമാണ് സി.ബി.ഐ മുന്‍ ഡയരക്ടര്‍ കൂടിയായ നാഗേശ്വര റാവുവിന്റെ ട്വീറ്റ്.
നടി ദീപിക പദുകോണ്‍ ഗാനരംഗത്തില്‍ ബിക്കിനി ധരിച്ചതും വസ്ത്രത്തിന് കാവി നിറമായതാണ് സംഘ്പരിവാര്‍ പ്രശ്‌നമാക്കിയത്. അശ്ലീലമാണെന്ന് കുറ്റപ്പെടുത്തി വേറെയും വിമര്‍ശനമുയര്‍ന്നു.
കാവി ബിക്കിനി ധരിച്ചത് ഹിന്ദുക്കളുടെ മതവികാരത്തെ ഉണര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ രംഗത്ത് വന്നത്. പിന്നീട് മുസ്ലിം സംഘടനകളും ചിത്രത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. അശ്ലീലം കാണിക്കുന്നുവെന്നായിരുന്നു ഉയരുന്ന ആരോപണം.
വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെയാണ് ദീപിക പദുകോണിന്റെ ഭര്‍ത്താവും നടനുമായ രണ്‍വീന്‍ സിംഗിനെതിരെ നാഗേശ്വര റാവുവിനെ പോലുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.
കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാന്‍ അനുവദിക്കുന്ന അല്ലെങ്കില്‍ സഹിക്കുന്ന ഇയാള്‍ എന്ത് തരത്തിലുള്ള ഭര്‍ത്താവാണ്- എന്നാണ് ഇയാളുടെ ട്വീറ്റ്.
ട്വീറ്റ് വിവാദമായതിന് പിന്നാലെ ട്വിറ്റര്‍ ഇദ്ദേഹത്തെ ബാന്‍ ചെയ്തു. പിന്നാലെ ഐപിഎസ് ഓഫീസറുടെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പരസ്യമായി മാപ്പ് പറയണമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ആവശ്യം.