ഉപ്പയുറങ്ങുന്ന ജന്നത്തുൽ ബഖീഅ്, എന്നും കൈപിടിച്ച് നടന്നിരുന്ന പാതയോരത്തിനടുത്തായതും സ്രഷ്ടാവിന്റെ കരുണ തന്നെയാണ്. മറഞ്ഞിട്ടും മറയാതെ നന്മയിലേക്കുള്ള വഴിയടയാളമായി ഉപ്പയുടെ ഖബർ ഒരു കിളിവാതിൽ കീറിലൂടെയെന്ന പോലെ വെളിച്ചം വിതറുന്നുണ്ട്. ഈ നിത്യവസന്ത ഭൂമികയിൽ പരന്നൊഴുകുന്ന ദിവ്യനിലാവിൽ അലിയാനുള്ള ഹൃദയ വാഞ്ഛയാണിവിടെ ഓരോ റമദാൻ പുലരിയും.
ആത്മസമർപ്പണത്തിന്റെയും ആത്മസംസ്‌കരണത്തിന്റെയും വിശുദ്ധ മാസമായ റമദാൻ സമാഗതമാകുമ്പോൾ ഓർമകളുടെ തിരയിളക്കം കൈ പിടിച്ചു കൂട്ടുന്നത് ബാല്യകാല റമദാൻ ദിനങ്ങളുടെ അലയൊലിയിലേക്കാണ്. ഓർമകളിൽ നറുനിലാവുദിച്ചു നിൽക്കുന്ന റമദാൻ എന്നും ഉമ്മിയുടെ മണവു രുചിയും കൈപ്പുണ്യവും നിറഞ്ഞു നിൽക്കുന്നതു തന്നെയാണ്.
അത്രത്തോളം വിശപ്പിനെ നിഷ്‌കളങ്കമായി പിടിച്ചു നിർത്തിയ സ്‌നേഹവും കരുതലും. നോമ്പ്തുറ സമയത്തെ രുചി മുകുളങ്ങളുടെ ഉത്സാഹത്തിമിർപ്പും മറ്റെങ്ങും നിന്നും ഇനി കിട്ടാനുമില്ല.
നോമ്പോർമകളിൽ പൊള്ളുന്നത് വിട്ടു പിരിഞ്ഞു പോയിട്ടും ഉമ്മി ബാക്കി വെച്ച് പോയ ഓർമകളുടെ, മണവും, രുചിയുമാണ്. അഹങ്കാരവും സ്വാർത്ഥതയും വെടിഞ്ഞു.
പരം പൊരുളെന്ന ചൈതന്യത്തെ തിരിച്ചറിയാൻ വിശ്വാസിയെ സഹായിക്കുന്ന പുണ്യങ്ങളുടെ പൂക്കാലമാണ് റമദാൻ മാസമെന്നു ഓർമപ്പെടുത്തി അതനുസരിച്ച് പ്രവർത്തിക്കാൻ പഠിപ്പിച്ചതും ആ മഹത് തത്വത്തെ മനസിലേക്ക് പതിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയതും ഉമ്മിയാണ്.
ആങ്ങളക്കൊപ്പം പകുത്തു കിട്ടിയിരുന്ന കുഞ്ഞു കുഞ്ഞു ജോലികൾ ഒരു ബാലികേറാമലയായിട്ടാണ് അനുഭവപ്പെട്ടിരുന്നത്. പോക്കുവെയിൽ കാഞ്ഞ് തൊടിയിലെ ആഞ്ഞിലിച്ചോട്ടിൽ കൂടിയിരുന്ന കളിക്കൂട്ടുകാർക്കൊപ്പം തൊടി വൃത്തിയാക്കിയിരുന്നത് അത്യുത്സാഹത്തോടെയായിരുന്നു. തൊടിയും പരിസരവും വൃത്തിയാക്കുക എന്ന വ്യാജേന ഒത്തു കൂടുന്നത് ഉമ്മി മക്കളെപ്പോലെ അരുമയോടെ വളർത്തിയിരുന്ന ഫലവൃക്ഷങ്ങളിലെ കായ്ക്കനികൾ ആവോളം തിന്നു രസിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ബാല്യം പോലെ തന്നെ തിരിച്ചു പിടിക്കാൻ കഴിയാത്ത നഷ്ടസ്വർഗങ്ങളിലൊന്നാണ് ഓർമ്മകൾ കൊണ്ട് താലോലിക്കുന്ന ഓരോ റമദാനും. അന്നത്തെ വ്രതമാസക്കാലം ഓർമയുടെ നനുത്ത കാൻവാസിലെ നിറവാർന്ന ചിത്രമാകുന്നതും അത് കൊണ്ട് തന്നെയാണ്. ഓരോ റമദാനിലും നോമ്പ് തീരുവോളം ആങ്ങള കുസൃതിച്ചെക്കനൊപ്പം എനിക്കും ഏൽപ്പിച്ചു കിട്ടുന്ന ജോലിയായിരുന്നു വലിയപാത്രം നിറയെ രസ്‌ന കലക്കൽ എന്നത്. നോമ്പുതുറക്കുന്നതിനു കൃത്യം അരമണിക്കൂർ മുമ്പെത്തുന്ന കളിക്കൂട്ടുകാർക്കു കൊടുത്തയക്കാനായി പാകമായ പരുവത്തിലേക്കു രസ്‌നയുടെ രസക്കൂട്ടുകൾ മധുരവും വെള്ളവും ഐസും ചേർത്ത് തയാറാക്കുമ്പോൾ രുചിച്ചു നോക്കാനുള്ള വ്യഗ്രതയെ ചെറുത്ത് തോൽപ്പിക്കുക എന്നത് ഏറെ ദുഷ്‌കരമായിരുന്നു.
പകുതി വഴിയിലെവിടെയോ വെച്ച് നോമ്പിന്റെ പാരവശ്യത്തെ രസ്‌നയുടെ രസക്കൂട്ടിൽ ഇറക്കി വെച്ച കളിക്കൂട്ടുകാരന്റെ കുസൃതി നിറഞ്ഞ ചെറുസൂത്രം കണ്ടു പിടിക്കപ്പെട്ടതോടെ രസ്‌ന ജ്യൂസുണ്ടാക്കുക എന്ന ദൗത്യത്തിന് വിരാമമായി. കിണറിലെ വെള്ളത്തിന്റെ തണുപ്പും സുഖവും എത്രമേലുണ്ടെന്ന് തിരിച്ചറിഞ്ഞത് കൃത്യമായി ഓർത്തെടുക്കാൻ കഴിയാത്ത ഏതോ ഒരു നോമ്പിനാണ് തോട്ടം നനച്ചു കഴിഞ്ഞെത്തിയ പാരവശ്യത്തിൽ തൊട്ടിയിൽ ബാക്കിയായ സ്ഫടികം പോലെ തെളിഞ്ഞ വെള്ളം നിഷ്‌കളങ്കമായി മാടി വിളിച്ചപ്പോൾ ഒരു കവിൾ സ്വീകരിക്കാതെ തരമില്ലെന്നായി. പകുതി വരെ എത്തിയ വെള്ളം ഇറക്കിയോ ഇല്ലയോ എന്ന സന്ദേഹവും കൊണ്ട് ചെന്നെത്തിയത് ഉമ്മിയുടെ മടിത്തട്ടിലേക്ക് തന്നെയാണ്. മുഖമൊന്നു മാറിയാൽ അതൊന്നാകെ വായിച്ചെടുക്കാൻ കഴിയുന്ന ആത്മസഖി യായിരുന്നു ഉമ്മി. കുറ്റബോധം നീറ്റിയ മനസിലേക്കു മഹത്തായ ചില കുഞ്ഞിക്കഥകളിലൂടെ സന്ദേശങ്ങളോതി, മുറിയാതെ മുറിഞ്ഞ കുഞ്ഞു നോമ്പിനെ മടക്കിയേകിയ, വിവേകമിഴചേർന്ന ആ സ്‌നേഹ സാന്ത്വനമായിരുന്നു പിന്നീടൊരിക്കലും അത്തരം തെറ്റാവർത്തിക്കില്ല എന്ന തീരുമാനമെടുക്കാൻ അന്നത്തെ കുഞ്ഞു നോമ്പുകാരിയെ പ്രാപ്തയാക്കിയത്.
തറയിലിരുന്ന് ഭക്ഷണം കഴിക്കാനായി നിരത്തി ഇട്ടു തന്നിരുന്ന ചെറിയ പൊക്കത്തിൽ പലക പോലെയുള്ള ഒന്നായിരുന്നു തടുക്കുകൾ. നോമ്പ്തുറ നേരത്തു എന്നെത്തേതിലും കൂടുതൽ തടുക്കുകൾ നിരത്തിയിരുന്നത് മനസ്സുനിറഞ്ഞ സന്തോഷത്തോടെ ആയിരുന്നു. കളിക്കൂട്ടുകാരുമായി ഒത്തുചേർന്നുള്ള നോമ്പുതുറ തന്നെ ആയിരുന്നു അന്നത്തെ ഏറ്റവും വലിയ സന്തോഷം. ജീരകക്കഞ്ഞിയും തരിക്കഞ്ഞിയും കാരക്കയുടെ ഇത്തിരി പോന്ന കീറും കുളിരുള്ള കിണർ വെള്ളത്തിൽ കലക്കി എടുത്ത നാരങ്ങാ വെള്ളവും തുടങ്ങി ഇടവിട്ടു എപ്പോഴെങ്കിലും കിട്ടിയിരുന്ന പ്രത്യേക വിഭവങ്ങളുമായിരുന്നു അന്നത്തെ നോമ്പ് തുറയിലേക്കുള്ള ഉത്സാഹങ്ങൾ. തനി നാടൻ കൂട്ടുകൾ ചേർത്ത് വിറകടുപ്പിൽ പാകം ചെയ്‌തെടുത്തിരുന്ന ജീരകക്കഞ്ഞിയുടെ അഥവാ നോമ്പു കഞ്ഞിയുടെ ഹൃദ്യഗന്ധം അയൽപക്കങ്ങളിലെ പതിവ് കഞ്ഞിപ്പാത്രങ്ങൾ വേലിക്കെട്ടില്ലാത്ത അതിരുകൾ കടന്നെത്താൻ കാരണമായിരുന്നു.
ബാല്യത്തിലെ നോമ്പിന്റെയും പെരുന്നാളിന്റെയും നഷ്ടപ്രതാപങ്ങളിലൊന്നും വല്ലപ്പോഴും വീണുകിട്ടുന്ന സൗഭാഗ്യങ്ങളിലൊന്നായിരുന്നു പ്രവാസത്തിന്റെ ചുമടേറ്റി മണലാരണ്യത്തിലേക്കു കുടിയേറിയ ഉപ്പ എന്ന സൗഭാഗ്യം.
ഓരോ പെരുന്നാളിനും നോമ്പിനും ഏറെ ആഗ്രഹിക്കുന്നതും സ്വപ്‌നം കാണുന്നതും ഉപ്പയോടൊന്നിച്ചു കൂടാൻ കഴിയുന്ന നാളുകളെ കുറിച്ചാകും. അവധിക്കണയുന്ന ഉപ്പയോടൊത്തുള്ള നോമ്പും പെരുന്നാളും സാധാരണ ദിനങ്ങളും പൂത്തിരിയും മത്താപ്പും കത്തിച്ചാണ് സ്വപ്‌നത്തിൽ പോലുമണയാറുള്ളത്.
തറാവീഹ് നിസ്‌കാരം കഴിഞ്ഞെത്തുന്ന ഉപ്പയെ കാത്തു ഉറക്കം തഴുകുന്ന കൺപോളകൾ വലിച്ചു തുറന്ന് വഴിയോളം നീണ്ടു നിൽക്കുന്ന കാത്തിരിപ്പുകളുണ്ടായിരുന്നു. കോട്ടൺ ജുബയുടെ വലിയ പോക്കറ്റിൽ വാഴയിലയിൽ പൊതിഞ്ഞു കവറിലിട്ടു സൂക്ഷിച്ച പങ്കുണ്ടാകും. ഉപ്പയുടെ വാത്സല്യം തുളുമ്പുന്ന നോട്ടവും സ്‌നേഹവും കലർന്നത് കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വിവരണാതീതമാണ്. പ്രവാസമേൽപ്പിച്ച ഒറ്റപ്പെടലെല്ലാം തീർക്കുന്നത് ആവോളം ഒന്നിച്ചു യാത്ര ചെയ്തും വാങ്ങേണ്ടതെല്ലാം വാങ്ങിച്ചു കൂട്ടിയും കൊടുത്തും സ്‌നേഹച്ചുമലിലേറിയുമായിരുന്നു. നോമ്പ് കാലങ്ങളിൽ ക്ഷീണവും വിശപ്പും പൊള്ളിക്കുന്ന കുഞ്ഞുവയറിനെ കുഞ്ഞിത്തിണ്ണയിലെ തണുപ്പുള്ള തറയിലമർത്തി കിടന്നായിരുന്നു അതിജീവിച്ചിരുന്നത്. അത് കണ്ണിൽ പെട്ടാൽ കിട്ടുന്ന ഉമ്മിയുടെ ഒരു തലോടലിൽ സർവ ക്ഷീണവും മറക്കും. ശേഷം തൊടിയിലേക്ക് കളിക്കാനായുള്ള കുതിപ്പിലോടുമ്പോൾ കിട്ടുന്ന സ്‌നേഹ ശാസനകൾ അപരാഹ്ന കാറ്റിനൊപ്പം ചെന്ന് ഉമ്മിയെ കളിയാക്കുമായിരുന്നു. കാലത്തിനൊപ്പം വളർന്നു വലുതായി ഭർതൃഗൃ ഹത്തിലേക്കുള്ള പറിച്ചു നടലിൽ അനുഭവയോഗ്യമായി കിട്ടിയ നോമ്പ് ദിനങ്ങളൊക്കെ ഒത്തു കൂടലിന്റെ ഉത്സാഹത്തിമർപ്പും കരുതലിന്റെ കുളിരും കിട്ടിയ ദിനങ്ങളായിരുന്നു. പ്രവാസിയുടെ ഭാര്യയെന്ന പദവിയിലൂന്നി മരുഭൂവിന്റെ ദത്തുപുത്രിയായി നീണ്ട പതിനഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ മനസ്സിനെ വ്യാകുലപ്പെടുത്തുന്ന ഒരു പരമാർത്ഥമുണ്ട്.
പുറം ലോകത്തെ കിളിവാതിലിലൂടെ മാത്രം ദൃശ്യമാകുന്ന ഫഌറ്റിന്റെ ചുമരുകൾക്കുള്ളിലേക്കു ചലന സ്വാതന്ത്ര്യം പരിമിതപ്പെടുമ്പോഴും വർഷങ്ങൾക്കപ്പുറത്തെ മധുരിക്കുന്ന നോമ്പോർമ്മകൾ അന്യമാകുന്ന ഇന്നത്തെ കുരുന്നുകളുടെ മനോതലം വെറും ചുമരുകൾക്കുള്ളിലെ വിശാലതയ്ക്കപ്പുറത്തെക്കില്ലല്ലോ എന്ന ആശങ്കയ്ക്ക് കാരണം ഞാനുനുഭവിച്ച ബാല്യകാല സൗഭാഗ്യ ഓർമകൾ തന്നെയാണ്. ഫഌറ്റിന്റെ ചുമരുകൾ നൽകുന്ന വിഹ്വലതകൾക്കൊപ്പമുള്ള ഏകാന്ത ദിനങ്ങളൊക്കെയും കൃത്യനിഷ്ഠയോടെ ആരാധനാ കർമങ്ങൾ നടത്താനായി നീക്കി വെക്കാനായത് ജീവിതത്തിൽ കിട്ടിയ വലിയ അനുഗ്രഹമായാണ് കാണുന്നത്. പുണ്യദിനങ്ങളിൽ പരിശുദ്ധമാക്കപ്പെട്ട തിരുഗേഹങ്ങളിലേക്കു നല്ല പാതിയുമൊന്നിച്ചുള്ള ഓരോ യാത്രകളും പ്രവാസത്തെ നെഞ്ചോട് ചേർത്ത്‌വെക്കാനും ഭീതിദമായ ഒറ്റപ്പെടലിനെ വെറുക്കാതിരിക്കാനുമുള്ള പ്രപഞ്ചനാഥന്റെ കരുതലിൽ ഒന്നായാണ് അനുഭവപ്പെട്ടത്. ശാന്തിയുടെ പുണ്യ പൂങ്കാവനമായ മദീനയോടുള്ള അഭിനിവേശവും കാലഗതിയിൽ മദീനയിലേക്ക് പറിച്ചു നടപ്പെട്ട ഉപ്പയും പുണ്യ നഗരിയോടുള്ള എന്റെ പ്രണയം ഇരട്ടിയാക്കി. പിന്നീടുള്ള മൂന്നു വർഷത്തെ നോമ്പിന്റെ ഭൂരിഭാഗവും ഉപ്പയ്‌ക്കൊപ്പം കഴിയാനായത് അദ്ദേഹം ഞങ്ങൾക്കായി പ്രവാസമെന്ന ചുഴിമലരിൽ പണയപ്പെടുത്തിയ ദിവസങ്ങളുടെ കടം വീട്ടലായിരുന്നു. അങ്ങനെയുള്ളൊരു റമദാൻ ഇരുപത്തിഏഴാം രാവിലാണ് തിരുമുറ്റത്തെ നോമ്പ് തുറയിൽ കഞ്ഞിയും പയറുമൊക്കെ ഭക്തജനങ്ങൾക്ക് സൗജന്യമായി വിളമ്പി സായൂജ്യം നേടുന്ന സുലൈമാനിക്കക്കും ഉപ്പക്കുമൊപ്പമിരിക്കവേ, രണ്ടു വയസുകാരൻ പൊന്നോമന മകൻ കടലുപോലെ പരന്ന ജനസഞ്ചയത്തിലേക്കു നടന്നു മറഞ്ഞത്. ഒരു നിമിഷത്തിന്റെ അശ്രദ്ധക്കു കൊടുക്കേണ്ടി വന്ന വില വളരെ വലുതെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ലോസ്റ്റ് ചൈൽഡ് സെന്ററിലും പരിസര പ്രദേശങ്ങളിലുമൊക്കെ കയറി ഇറങ്ങി അലയുമ്പോഴും മനസിലിരുന്നാരോ മൊഴിയും പോലെ ആയിരുന്നു. അവൻ എങ്ങും പോയിട്ടുണ്ടാകില്ല. തിരികെ കിട്ടുമെന്ന്. അവനോളം രൂപസാദൃശ്യമുള്ളോരു കുരുന്നിനെ കണ്ട മാത്രയിലാണ്, അടക്കിവെച്ചിരുന്ന കണ്ണീരെല്ലാം ആത്മാവിൽ പെയ്‌തൊഴിഞ്ഞത്.
ജാഗരൂകരായ പോലീസുകാരുടെ രൂപത്തിൽ എവിടെ നിന്നോ ഒരാൾ മാലാഖയെ പോലെ കരഞ്ഞു തളർന്നു അവശനായ മോനെയും തോളിലേറ്റി വന്നത് നോമ്പോർമകളിൽ ചവർപ്പും മധുരവും ഇഴചേർന്ന അനുഭവമാണ് തീർക്കുന്നത്. കരുതലും സ്‌നേഹവും പകുത്ത് മദീനയിലെ കുളിർകാറ്റിനെയും നറുനിലാവിനെയും കാരക്കയെയും
പുണ്യ ജലപാനത്തെയും എത്രമേൽ അനുഭവിച്ചിട്ടും മതിയാകാതെയുമാണ് ഉപ്പയോടൊത്തുള്ള പെരുന്നാൾ കൂടലും കഴിഞ്ഞു പെയ്യാൻ വെമ്പുന്ന ഹൃദയവുമായി ഓരോ തവണയും മദീനയോടു വിടപറഞ്ഞിരുന്നത്. ഇത്തവണ പുതുവർഷപ്പിറവി തന്നത് തീരാനഷ്ടവും അനാഥത്വം എന്ന നീറുന്ന സത്യവുമാണ്. മദീനയോടുള്ള പ്രണയത്തെ മറ്റെന്തിനേക്കാളുമുപരി ഹൃദയത്തിൽ കൊരുത്ത ഉപ്പ തന്റെ ആഗ്രഹങ്ങളെല്ലാം സഫലമാക്കി ആ മഹാപ്രകാശത്തിലേക്ക് വിലയിച്ചത് ഇക്കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു.
ഒരു വെളിപാട് പോലെ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം അന്വർത്ഥമാക്കിയാണ് ഉപ്പ യാത്രയായത്. മദീനയുടെ തിരുമുറ്റത്ത് ഇത്രയേറെ സമർപ്പണത്തോടെ ത്യാഗ മനഃസ്ഥിതിയോടെ എളിമയിൽ കഴിഞ്ഞ ആ മഹദ്ജീവിതം പഠിപ്പിച്ച പാഠങ്ങൾ വളരെ വലുതാണ്. ഓരോ രാത്രിയുടേയും അന്ത്യയാമത്തിൽ മസ്ജിദുന്നബവിയിൽ നടക്കുന്ന തഹജ്ജുദ് നമസ്‌കാരങ്ങൾ, തുടർന്നുള്ള വിശുദ്ധ ഗ്രന്ഥ പഠനം. റമദാനിൽ തിരുദൂതരുടെ അതിഥികൾക്ക് നോമ്പ് തുറപ്പിക്കാനും ആഹാരം വിളമ്പാനും കാണിച്ചിരുന്ന ഉത്സാഹങ്ങൾ, രാവേറുവോളം നീണ്ട രാത്രി നമസ്‌കാരങ്ങൾ, ഒക്കെയും ഉപ്പയുടെ മദീനയെന്ന പുണ്യദേശത്തോടുള്ള പാശമെത്രയെന്നു വെളിപ്പെടുത്തുകയായിരുന്നു. വരും റമദാനുകളിൽ നോമ്പുതുറക്കായി കൈക്കൊള്ളേണ്ട നവീന മാർഗനിർദ്ദേശങ്ങൾ പങ്കുവെച്ചായിരുന്നു ഓരോ തവണയും യാത്ര പറഞ്ഞു പിരിഞ്ഞിരുന്നത്. യാത്ര പറയാൻ തുടങ്ങുന്ന ദിവസം കുഞ്ഞു മക്കളെപ്പോലെ കാണിച്ചിരുന്ന പിണക്കങ്ങൾ മനപ്പൂർവം വിരഹത്തിന്റെ കാഠിന്യം കുറക്കാനുള്ള മാനസികനിലപാടുകളായിരുന്നെന്നു അറിയാതെ അറിഞ്ഞിരുന്നു.
ഉപ്പയുറങ്ങുന്ന ജന്നത്തുൽ ബഖീഅ്, എന്നും കൈപിടിച്ച് നടന്നിരുന്ന പാതയോരത്തിനടുത്തായതും സ്രഷ്ടാവിന്റെ കരുണ തന്നെയാണ്. മറഞ്ഞിട്ടും മറയാതെ നന്മയിലേക്കുള്ള വഴിയടയാളമായി ഉപ്പയുടെ ഖബർ ഒരു കിളിവാതിൽ കീറിലൂടെയെന്ന പോലെ വെളിച്ചം വിതറുന്നുണ്ട്. ഇനിയെന്നാണ് മദീന എന്ന പുണ്യ മണ്ണിലേക്ക് അലിഞ്ഞു ചേരാനാവുക എന്ന ജിജ്ഞാസയിലാണ് ഓരോ ദിനവും പുലർന്നടരുന്നത്. മദീന ഹറമിന്റെ തിരുമുറ്റത്ത് സ്രഷ്ടാവിനോടുള്ള ഭക്ത്യാദരവോടെ, സമത്വത്തോടെ ഒത്തുകൂടുന്ന മനസ്സുകളുടെ ഒരുമയും എളിമയും നിറഞ്ഞു തുളുമ്പുന്ന കാഴ്ച ഏറെ നിർവൃതിദായകമാണ്. ഈ നിത്യവസന്ത ഭൂമികയിൽ പരന്നൊഴുകുന്ന ദിവ്യനിലാവിൽ അലിയാനുള്ള ഹൃദയ വാഞ്ഛയാണിവിടെ ഓരോ റമദാൻ പുലരിയും.