Sorry, you need to enable JavaScript to visit this website.

നിയമം കണ്ണടച്ചാലും മനസാക്ഷിയുള്ളവര്‍ക്ക് മറക്കാവുന്നതല്ല ബില്‍ക്കീസ് ബാനുവിന്റെ പോരാട്ടങ്ങള്‍

' ഞങ്ങള്‍ക്ക് പേടിയാണ് ഇവിടെ കഴിയാന്‍, ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗ കേസിലെ ജയില്‍ മോചിതരായ പ്രതികളെ ഗ്രാമീണര്‍ വരവേറ്റതും അതിനോടനുബന്ധിച്ച് അവിടെയുള്ള ആഘോഷങ്ങളും ആര്‍പ്പുവിളികളുമെല്ലാം ഞങ്ങളെ വല്ലാതെ പേടിപ്പെടുത്തുന്നു. ഇനിയെന്താണ് സംഭവിക്കുകയെന്നറിയില്ല, അതുകൊണ്ട് തന്നെ ജീവിക്കാനായി ഞങ്ങള്‍ മറ്റ് ഗ്രാമങ്ങളിലേക്ക് പോകുകയാണ്. വാളേന്തി പാഞ്ഞു നടക്കുന്ന ചോരക്കൊതിയന്‍മാരുടെയും എല്ലാം ചുട്ടു ചാമ്പലാക്കിയ തീക്കുണ്ഠങ്ങളുടെയും നടുക്കുന്ന ഓര്‍മ്മകള്‍ ഇപ്പോഴും ഞങ്ങളുടെ കണ്‍മുന്നിലുണ്ട് '  ബില്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസിലെ 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിക്കുകയും അവര്‍ തങ്ങളുടെ ഗ്രാമമായ രണ്‍ദിക്പൂരിലെത്തിയപ്പോള്‍ അവിടെ നിന്ന് മറ്റ് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യാന്‍ തയ്യാറായി നിന്ന ഒരു കൂട്ടം മുസ്‌ലീം സ്ത്രീകള്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞ വാക്കുകളാണിത്.
2002 ലെ ഗുജറാത്ത് കലാപത്തില്‍ ഗ്രാമവും മുസ്‌ലീം സമുദായത്തില്‍ പെട്ടവരില്‍ കുറേപ്പേരും കത്തിയെരിഞ്ഞപ്പോള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ ഭാഗ്യം കിട്ടിയവരാണ് ഈ സ്ത്രീകള്‍. സംഭവം നടന്ന് 20 വര്‍ഷമായിട്ടും അവരുടെ കണ്ണുകളില്‍ നിന്ന് ഭയം വിട്ട് മാറിയിട്ടില്ല. ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ കൊച്ചുകുട്ടികളെയടക്കം ക്രൂരമായി വധിക്കുകയും ചെയ്ത കൊടും കുറ്റവാളികളെ ജയിലില്‍ നിന്ന് മോചിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി തള്ളിയതിനാല്‍ രണ്‍ദിക്പൂര്‍ ഗ്രാമത്തില്‍ ഇന്നും ആഘോഷങ്ങള്‍ നടക്കും. സ്വന്തം മനസാക്ഷിയോട് പോലും നീതിപുലര്‍ത്താന്‍ തയ്യാറാകാതെ മനസില്‍ വര്‍ഗീയതയുടെ കട്ടക്കറുപ്പ് പേറുന്നവര്‍ കുറ്റവാളികളെ തോളിലേറ്റി ഇന്നും നൃത്തം ചെയ്യും. പക്ഷേ, നിയമത്തിന് പോലും കണ്ണടക്കേണ്ടി വന്നാലും ബില്‍ക്കീസ് ബാനുവിന്റെ പോരാട്ടങ്ങള്‍ അവസാനിക്കില്ല. മുനുഷ്യത്തിന് വില്‍കല്‍പ്പിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളില്‍ അത് ഒരു കനലായി ജ്വലിച്ച് നില്‍ക്കും.
സമാനതകളില്ലാത്തതാണ് ബില്‍ക്കീസ് ബാനുവിന്റെ നിയമ പോരാട്ടം. കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെയുള്ള അവരുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ നിയമപരമായ പോരാട്ടങ്ങള്‍ക്ക് താല്‍ക്കാലികമായി മറ വീണിരിക്കുകയാണ്. റിവ്യൂ ഹര്‍ജിയടക്കമുള്ള സാധ്യതകള്‍ അവശേഷിക്കുന്നുണ്ടെങ്കിലും അതൊന്നും അത്രത്തോളം പ്രതീക്ഷയ്ക്ക് വക നല്‍കുന്നല്ല.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബില്‍ക്കീസ് ബാനു നടത്തുന്ന നിയമപ്പോരാട്ടം അവര്‍ക്ക് വേണ്ടി മാത്രമായിരിന്നില്ല. വംശീയ വിദ്വേഷത്തിന്റെ തീജ്വാലയിലേക്ക് വലിച്ചെറിയപ്പെട്ട നൂറ് കണക്കിനാളുകള്‍ക്ക് വേണ്ടി കൂടിയുള്ളതായിരുന്നു.
ഗോധ്ര ട്രെയിന്‍ ദുരന്തത്തിന് ശേഷം ഗുജറാത്തിലാകെ കലാപം കത്തിപ്പടര്‍ന്നപ്പോള്‍ സ്വന്തം ഗ്രാമമായ രണ്‍ദിക്പൂരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചപ്പര്‍വാഡ് ഗ്രാമത്തില്‍ വെച്ച് 21 കാരിയായിരുന്ന ബില്‍ക്കീസ് ബാനു ഹിന്ദുത്വവാദികളായ അക്രമികളുടെ കൂട്ട ബലാല്‍സംഗത്തിന് ഇരയാകുന്നത്. അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു അവര്‍. അവരുടെ മൂന്നര വയസുകാരിയായ മകളടക്കം ഉറ്റ ബന്ധുക്കളായ ഏഴ് പേരെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.
ബോധം നഷ്ടപ്പെട്ട ബില്‍ക്കീസ് ബാനു ഏറെ നേരത്തിന് ശേഷം ബോധം തിരിച്ചു കിട്ടിയപ്പോള്‍ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയെങ്കിലും ശരിയായ രീതിയില്‍ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല. അന്ന് തുടങ്ങിയ നിയമപ്പോരാട്ടങ്ങളാണ് ബില്‍ക്കീസ് ബാനുവിന്റെത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയുമെല്ലാം ഇടപെട്ട ശേഷമാണ് കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടന്നത്. അത് വരെ പ്രതികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുകയാണ് ഭരണകൂടവും പോലിസുമെല്ലാം ചെയ്തത്.
ഗുജറാത്തില്‍ വിചാരണ നടന്നാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന ബില്‍ക്കീസ് ബാനുവിന്റെ ആശങ്ക കാരണം വിചാരണയും വിധി പ്രസ്താവവുമെല്ലാം സുപ്രീം കോടതി മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. വിവിധ സംഘടനകളുടെയും വ്യക്തികളുടെയുമെല്ലാം സഹായങ്ങള്‍ ബില്‍ക്കീസിന്റെ നിയമപ്പോരാട്ടത്തിന് ലഭിച്ചു.
ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ തന്ന നാഴികക്കല്ലായ ബില്‍ക്കീസിന്റെ പോരാട്ടത്തില്‍ അവരെ അക്രമിക്കുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത 11 പേര്‍ക്ക്  കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഭരണത്തിന്റെ എല്ലാ പിന്തുണയും പ്രതികള്‍ ആസ്വദിക്കുമ്പോള്‍ മറുഭാഗത്ത് നിസ്സഹായയായ ഒരു സ്ത്രീയുടെ കരളുറപ്പ് മാത്രമാണ് കരുത്തായത്.
കുറ്റവാളികള്‍ ജയിലില്‍ എല്ലാ സ്വാതന്ത്യങ്ങളോടെയും വിലസിയപ്പോള്‍ വീണ്ടും ആക്രമങ്ങള്‍ പേടിച്ച് ബില്‍ക്കീസ് ബാനുവിന് സ്വന്തം ഗ്രാമത്തിലേക്ക് പോലും പോകാന്‍ കഴിഞ്ഞിരുന്നില്ല. കുറ്റവാളികള്‍ ജയിലില്‍ 14 വര്‍ഷത്തിലധികം ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ സ്വാതന്ത്യദിനത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍ 11 കുറ്റവാളികളെയും ജയില്‍ മോചിതരാക്കിയത്. തങ്ങള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും കാണിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ പ്രതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇത് കേള്‍ക്കാന്‍ കാത്തിരുന്ന പോലെ പ്രതികളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുകയായിരുന്നു. കഴിഞ്ഞ സ്വാതന്ത്യ ദിനത്തില്‍ ഇവരെ മോചിതരാക്കി. ഇതിനെതിരെ ബില്‍ക്കീസ് ബാനു നല്‍കിയ ഹര്‍ജിയാണ് ഇന്ന് സുപ്രീം കോടതി തള്ളിയത്.
 

Latest News