തിരുവനന്തപുരം- രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്‌കെ) സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് കൂവല്‍. കൂവല്‍ പ്രതീക്ഷിച്ചതാണെന്നും കൂവിതോല്‍പ്പിക്കാനാകില്ലെന്നും രഞ്ജിത് മറുപടി നല്‍കി.
കൂവലൊന്നും പുത്തരിയല്ല. 1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട.
മമ്മൂട്ടിയുടെ നന്‍പകല്‍നേരത്ത് മയക്കം എന്ന സിനിമ തിയറ്ററുകളില്‍ വരുമെന്നും അന്ന് എത്രപേര്‍ കാണുമെന്ന് നമുക്ക് നോക്കാമെന്നും രഞ്ജിത്ത് പറഞ്ഞു. ഈ സിനിമയ്ക്കു സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധമാണ് സമപാന വേദിയില്‍ ഡെലിഗേറ്റുകള്‍ പ്രകടിപ്പിച്ചത്.
ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞിരുന്നു. അത് സ്വാഗത വചനമാണോ കൂവല്‍ ആണോ എന്ന് എനിക്ക് മനസിലായില്ല. തിരുവനന്തപുരത്ത് നിന്നുള്ള എന്റെ സുഹൃത്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് എന്നെ വിളിച്ച് പറഞ്ഞു ചേട്ടന്‍ എഴുന്നേറ്റ് സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ് തീരുമാനിച്ചിട്ടുണ്ടെന്ന്. ഞാന്‍ പറഞ്ഞു നല്ല കാര്യമാണ് കൂവി തെളിയുക തന്നെ വേണം. കൂവല്‍ ഒന്നും എനിക്ക് പുത്തിരി അല്ല. 1996ല്‍ എസ്എഫ്‌ഐ യില്‍ തുടങ്ങിയതാണ് എന്റെ ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. സമാപന ചടങ്ങ് വൈകിട്ട് ആറിനാണ് തുടങ്ങിയത്. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ ആമുഖ പ്രസംഗത്തിന് വേദിയിലേക്ക് ചെയര്‍മാനായ രഞ്ജിത്തിനെ ക്ഷണിച്ചപ്പോഴാണ് സദസ്സില്‍നിന്ന് കൂവല്‍ തുടങ്ങിയത്.
ഡിസംബര്‍ 12ന് ഉച്ചയ്ക്ക് 3.30ന് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രദര്‍ശനത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. രാവിലെ മുതല്‍ ക്യൂ നിന്നവര്‍ക്ക് തിയറ്ററിനകത്തു കടക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രദര്‍ശന സമയമായപ്പോള്‍ വലിയ ഉന്തുംതള്ളും ഉണ്ടായി. തര്‍ക്കം സംഘര്‍ഷത്തിലേക്കു കടന്നപ്പോള്‍ വഴുതക്കാട് പോലീസെത്തി മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
നിയമവിരുദ്ധമായ സംഘം ചേരല്‍, പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള അനധികൃത കൂട്ടംചേരല്‍, കലാപത്തിനുള്ള ശ്രമം എന്നീ വകുപ്പുകളാണു ഇവര്‍ക്കെതിരെ ചുമത്തിയത്. പിന്നീട് മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടയച്ചു.