ന്യൂദല്‍ഹി- തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ 2013-ല്‍ നിയമം നടപ്പിലാക്കിയ ശേഷം രാഷ്ട്രപതി ഭവനില്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ടു ലൈംഗിക പീഡനക്കേസുകള്‍. രണ്ടു കേസുകള്‍ ഉള്ളതായി രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് വിവരാവകാശ നിയമപ്രകാരമുള്ള ഒരു ചോദ്യത്തിന് മറുപടി നല്കി. രണ്ടു കേസുകളില്‍ അന്വേഷണം നടത്തി. ഒരു കേസ് കള്ളക്കേസാണെന്ന് തെളിയുകയും രണ്ടാമത്തെ കേസില്‍ പ്രതിയായ ജീവനക്കാരന് കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തുവെന്നും രാഷ്ട്രപതി ഭവന് ഡെപ്യൂട്ടി സെക്രട്ടറി ജെ ജി സുബ്രമണ്യന്‍ നല്കിയ മറുപടിയില്‍ പറയുന്നു. വിവരാവകാശ പ്രവര്ത്തകന് നുട്ടന്‍ ഠാക്കൂര്‍ ആണ് ഈ വിവരം ആരാഞ്ഞത്. അതേസമയം കേസിലുള്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.