സോള്‍- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിം ജോങ് ഉന്നും അടുത്ത മാസം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടി റദ്ദാക്കുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി. ദക്ഷിണ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നത തല ചര്‍ച്ച ഉപേക്ഷിച്ചുകൊണ്ടാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.
ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന സൈനികാഭ്യാസമാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇത്തരം അഭ്യാസങ്ങള്‍ അധിനിവേശത്തിന്റെ പരിശീലനമെന്നാണ് ഉത്തര കൊറിയ വിശേഷിപ്പിക്കാറുള്ളത്.
പ്രസിഡന്റ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരിയും തമ്മിലുള്ള ചരിത്ര പ്രധാന ഉച്ചകോടിക്ക് അടുത്ത മാസം സിംഗപ്പൂര്‍ വേദിയാകുമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പുലര്‍ച്ചെ ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം നല്കിയ മുന്നറിയിപ്പ് നയതന്ത്ര നീക്കങ്ങളില്നിന്നുള്ള പിന്മാറ്റം ലക്ഷ്യമിട്ടുള്ളതാണോ ജൂണ്‍ 12 ന് നടക്കുന്ന ട്രംപ്-കിം ചര്‍ച്ചയില്‍ മേധാവിത്തം നേടാനുള്ള ശ്രമമാണോ എന്നു വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി ആയുധ പരിശീലനങ്ങള്‍ നടത്തി മേഖലയിലെ യുദ്ധത്തിന്റെ വക്കിലെത്തിച്ച ശേഷമാണ് ഉത്തര കൊറിയ ചര്‍ച്ചയുടെ വാതില്‍ തുറന്നതും ട്രംപ് അത് സ്വീകരിച്ചതും.
അതിര്‍ത്തിയിലെ സൈനിക സാന്നധ്യം കുറയ്ക്കുന്നതടക്കം ഇരു കൊറിയകളുടേയും നേതാക്കള്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കൂടിക്കാഴ്ച ഇന്ന് നടക്കേണ്ടതായിരുന്നു.