മുംബൈ-ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇനി വിദേശ മദ്യം വില്‍ക്കും. ലോകത്തിലെ ഏറ്റവും വലിയ മദ്യ കമ്പനിയായ എബി ഇന്‍ബെവിന്റെ ഇന്ത്യന്‍ യൂണിറ്റുമായി ആര്യന്‍ ഖാന്‍ കൈകോര്‍ത്തു. കൊറോണ പോലെയുള്ള ബിയര്‍ ബ്രാന്‍ഡുകളുടെ വിതരണവും വിപണനവും ഈ കമ്പനി നടത്തുന്നുണ്ട്.
25കാരനായ ആര്യന്‍ ഖാന്‍ തന്റെ ബിസിനസ് പങ്കാളികളുമായി ചേര്‍ന്ന് പ്രീമിയം വോഡ്ക ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആര്യന്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ഡി യാവോല്‍ എന്നാണ് അദ്ദേഹം പുറത്തിറക്കുന്ന വോഡ്ക ബ്രാന്‍ഡിന്റെ പേര്.തന്റെ ബിസിനസ് പങ്കാളികളായ ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
ആര്യന്‍ ഖാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഡി യാവോലിന്റെ ലോഗോയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.രണ്ട് ചിത്രങ്ങളാണ് അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത്. അവയില്‍ ഒന്നില്‍ ആര്യന്‍ ഖാന്‍ തനിച്ചാണ്. രണ്ടാമത്തെ ചിത്രത്തില്‍ ആര്യനൊപ്പം ബിസിനസ് പങ്കാളികളുമുണ്ട്. ഇതിനായി ഏകദേശം അഞ്ച് വര്‍ഷമെടുത്തു.ഡി യാവോല്‍ ഒടുവില്‍ ഇതാ എത്തിയിരിക്കുന്നു' എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.