ചെന്നൈ- തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗക്ക് മഴയില്‍നിന്നു രക്ഷപെടാന്‍ അമ്പലത്തിലെ മുത്തുക്കുട ചൂടിയതിനെച്ചൊല്ലി വിവാദം. ദുര്‍ഗ സ്റ്റാലിന് ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങാനൊരുങ്ങിയപ്പോള്‍ മഴ പെയ്തു. എഴുന്നളളിപ്പ് വേളയില്‍ പ്രതിഷ്ഠയെ ചൂടിക്കാനുളള മുത്തുക്കുടയെടുത്ത് ക്ഷേത്രത്തിലെ ചിലര്‍ ദുര്‍ഗയെ ചൂടിച്ചു. പ്രതിഷ്ഠ നനയാതിരിക്കാന്‍ സാധാരണ കറുത്ത കുട ചൂടുകയും ചെയ്തു.
എഴുത്തുകാരി ഷെഫാലി വൈദ്യ ഇതിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. പല ബി.ജെ.പി പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പങ്കുവെച്ചു. പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് ക്ഷേത്രങ്ങളില്‍ ദൈവത്തേക്കാള്‍ വലിയ പരിഗണനയാണ് കിട്ടുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി.
എന്നാല്‍ മുത്തുക്കുട ചൂടിച്ചത് ദുര്‍ഗയുടെ താത്പര്യപ്രകാരമായിരുന്നില്ലെന്ന് അവരോടൊപ്പമുളളവര് അറിയിച്ചു. ക്ഷേത്രത്തിലുണ്ടായിരുന്ന ചിലരാണ് അതു ചെയ്തത്. ദുര്‍ഗ അത് തടഞ്ഞില്ലെന്നേയുളളൂവെന്ന് അവര്‍ വിശദീകരിച്ചു.