ജക്കാര്‍ത്ത- വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകരമാക്കിയ നിയമത്തില്‍ വിദേശികള്‍ക്ക് ഇളവുമായി ഇന്തോനേഷ്യ. വിദേശികള്‍ക്കും പുതിയ നിയമം ബാധകമായാല്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇളവ് നല്‍കിയിരിക്കുന്നത്.
വിവാഹിതാരാകാത്ത, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ അനുവദിക്കുന്ന നിയമം കഴിഞ്ഞ ആഴ്ചയാണ് ഇന്തോനേഷ്യ പാസാക്കിയത്. അവിവാഹിതരായ ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നതിന് ആറ് മാസം തടവും ശിക്ഷ ലഭിക്കും. 2019ല്‍ 16 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇന്തോനേഷ്യയിലെത്തിയത്. പുതിയ നിയമം വരുന്നതോടെ രാജ്യത്തേക്ക് വിദേശികളുടെ വരവ് കുറയുമെന്നാണ് വിശദീകരണം. ഡെപ്യൂട്ടി നിയമമനുഷ്യാവകാശ മന്ത്രി എഡ്വേര്‍ഡ് ഒമര്‍ ഷെരീഫ് ഹിയാരിജ് ആണ് ഇക്കാര്യം അറിയിച്ചത്.
'വിദേശ വിനോദസഞ്ചാരികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ദയവായി ഇന്തോനേഷ്യയിലേക്ക് വരൂ, ഈ നിയമം നിങ്ങള്‍ക്ക് ബാധകമാകില്ല'. ഒമര്‍ ഷെരീഫ് പറഞ്ഞു. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കിയതില്‍, മാതാപിതാക്കളോ പങ്കാളികളില്‍ ഒരാളോ കുട്ടികളോ എതിര്‍പ്പറിയിച്ചാല്‍ മാത്രമേ കുറ്റകൃത്യമായി കണക്കാക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശികള്‍ രാജ്യത്തെത്തുമ്പോള്‍ ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ താമസസ്ഥലത്തോ വിവാഹത്തെ കുറിച്ചുള്ള പരിശോധനകള്‍ ഉണ്ടാകില്ല. അതേസമയം പുതിയ ക്രിമിനല്‍ കോഡിന് പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാകും നിയമം പ്രാബല്യത്തില്‍ വരിക. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബാലിയില്‍ പുതിയ നിയമം മാറ്റങ്ങള്‍ കൊണ്ടുവരില്ലെന്ന് ഗവര്‍ണര്‍ വയാന്‍ കോസ്റ്ററും പ്രതികരിച്ചു.