തിരുവനന്തപുരം- ഐഎഫ്എഫ്‌കെയുടെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററിന്റെ മുറ്റത്തേക്ക് ഒരു വിവാഹവണ്ടി വന്നു നിന്നു. നവദമ്പതികളെ കണ്ട് ചുറ്റുമുണ്ടായിരുന്നവര്‍ ഒന്നു പകച്ചു. പിന്നെ കൗതുകമായി. ആളുകൂടി. സിനിമാ തലയ്ക്കുപിടിച്ചവരുടെ ഇടമായ ഐഎഫ്എഫ്‌കെയില്‍ നവദമ്പതികള്‍ക്ക് എന്തുകാര്യമെന്ന മട്ടില്‍ ഡെലിഗേറ്റുകളും വെടിവട്ടമൊരുക്കിയിരുന്നവരും കണ്ണുകൂര്‍പ്പിച്ചു. ചുറ്റും കൂടിയ മാധ്യമങ്ങള്‍ക്കിടയിലൂടെ ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ പാമ്പളളിയും നവവധു സുരഭിയും നടന്നു.
ഫെസ്റ്റിവല്‍ ഓഫീസിലെത്തിയ നവദമ്പതികളെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ആശംസകളും കൂട്ടുകാര്‍ ഒരുക്കിയ കേക്കു മുറിക്കല്‍ ചടങ്ങും കഴിഞ്ഞ് പടം കാണാന്‍ തിയേറ്ററിലേക്ക്.
അഞ്ച് കൊല്ലം മുമ്പ് ഇതുപോലൊരു ഐഎഫ്എഫ്‌കെ ഞായറാഴ്ച തുടങ്ങിയ സൗഹൃദം, പ്രണയമായി വളര്‍ന്ന് സാക്ഷാത്കാരത്തിലെത്തിയപ്പോള്‍ വധൂവരന്മാര്‍ ഒരു കടമപോലെ ആദ്യമെത്തിയത് ഐഎഫ്എഫ്‌കെയിലേക്കാണ്. ഒന്നിച്ച് അല്‍പ്പനേരം സിനിമ കാണാനുളള അവസരമൊരുക്കിയ സംഘാടകര്‍ ആ ഗൃഹാതുരതയ്ക്കും മേളയില്‍ ഇടമൊരുക്കി. ഗൗരവമുളള സിനിമാ ചര്‍ച്ചകളും പ്രണയവും നിറഞ്ഞ അഞ്ച് ഐഎഫ്എഫ്‌കെ വര്‍ഷങ്ങള്‍ക്കിടെ ചടഞ്ഞിരുന്ന തിയേറ്റര്‍ വരാന്തകളും മരച്ചുവടുകളും ഒരിക്കല്‍ കൂടി കാണുന്നത് രസമാണെന്ന് പാമ്പളളിയും സുരഭിയും പറയുന്നു.