മുംബൈ-വിമ്മിന്റെ പുരുഷന്മാര്‍ക്കുള്ള കറുത്ത ഡിഷ് വാഷ് ലിക്വിഡിനായുള്ള പുതിയ പരസ്യ കാമ്പെയിന്‍ വിവാദമായി. ഇതോടെ ഇതൊരു തമാശ മാത്രമാണെന്ന വിശദീകരണവുമായി വിം രംഗത്തെത്തി. പുരുഷന്മാര്‍ പാത്രങ്ങള്‍ കഴുകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും സാധാരണ നിലയിലാക്കുന്നതിനുമായി പുതിയ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള പരസ്യം പുറത്തിറക്കിയതിന് ശേഷം കമ്പനിയും ബ്രാന്‍ഡ് അംബാസഡര്‍ മിലിന്ദ് സോമനും കടുത്ത തിരിച്ചടിയാണ് നേരിട്ടത്.
കറുത്ത പായ്ക്കിനെക്കുറിച്ച് ഞങ്ങള്‍ ഗൗരവമുള്ളവരല്ല, പക്ഷേ പുരുഷന്മാരുടെ വീട്ടിലെ ജോലികളെ കുറിച്ച് ഞങ്ങള്‍ വളരെ ഗൗരവമുള്ളവരാണ്- പുരുഷന്മാരെ അഭിസംബോധന ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, കമ്പനി കുറിച്ചു. കുപ്പി മാത്രമാണ് വ്യത്യസ്തമെന്നും ഉള്ളിലെ ലിക്വിഡ് എല്ലായ്‌പ്പോഴും ഒരുപോലെയാണെന്നും പുരുഷന്മാര്‍ക്കുള്ള തുറന്ന കത്തില്‍ വിം പറഞ്ഞു. അടുക്കളയില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ക്ക് ഒരു പുതിയ കുപ്പി ആവശ്യമില്ല, അടുക്കളയിലെ ജോലി നിങ്ങളുടേത് കൂടിയാണെന്ന് തിരിച്ചറിവ് മാത്രം മതിയെന്നും കമ്പനി വ്യക്തമാക്കി.