- ഇന്ത്യൻ കായികരംഗത്തെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കുമെന്ന് പി ടി ഉഷ എം.പി
ന്യൂദൽഹി / കോഴിക്കോട് - ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയായി രാജ്യസഭാംഗവും മലയാളിയുമായ ഒളിമ്പ്യൻ പി.ടി ഉഷയെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്.
സുപ്രീം കോടതി മുൻ ജഡ്ജ് എൽ നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 95 വർഷത്തെ ഐ.ഒ.എ ചരിത്രത്തിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാണ് ഉഷ. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഈ പദവി വഹിച്ചത്.
ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് പി.ടി ഉഷ രംഗത്തെത്തി. തന്റെ യാത്രയിലെ അനുഭവങ്ങളിലൂടെ തന്നെ ഈ പദവിയുടെ വില നന്നായി അറിയാം. ദേശീയ അന്തർദേശിയ സംഘടനകളുമായി ചേർന്ന് ഇന്ത്യൻ കായികരംഗത്തെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കുമെന്നും അവർ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ കൂടി ആശീർവാദത്തോടെയാണ് ഉഷ ഒളിമ്പിക് അസോസിയേഷൻ പദവിയിൽ എത്തിയത്. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കേന്ദ്ര മന്ത്രി കിരൺ റിജ്ജു ഉഷയെ അഭിനന്ദിച്ചു. കേരളത്തിൽ ന്യൂനപക്ഷ, മധ്യവർഗ വോട്ടുകൾ നേടാൻ ഉഷയെ ഉയർത്തുന്നതിലൂടെ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. രാഷ്ട്രീയത്തിന് അതീതമായി ഉഷക്ക് സ്വീകാര്യത നേടാനാവുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ഏറെക്കാലമായി ബി.ജെ.പി സഹയാത്രികയായ ഉഷ കഴിഞ്ഞ ജൂലൈയിലാണ് രാജ്യസഭാംഗമായി ചുമതലയേറ്റത്. രാഷ്ട്രപതിയുടെ നാമനിർദശപ്രകാരം രാജ്യസഭയിലെത്തിയ പി.ടി ഉഷ അന്ന് ദൽഹിയിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചെറുപ്പം മുതലേ ഉഷയ്ക്ക് സ്പ്രിന്റിങിൽ താൽപര്യമുണ്ടായിരുന്നെങ്കിലും കുടുംബത്തിലെ ദാരിദ്ര്യം സ്‌പോർട്‌സിൽ മികവ് തെളിയിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ, കായികതാരങ്ങൾക്കുള്ള സർക്കാർ സ്‌കോളർഷിപ്പ് ലഭിച്ചതാണ് ഉഷയുടെ കായികജീവിതത്തിൽ വഴിത്തിരിവായത്.
1977-ൽ അത്‌ലറ്റിക് കോച്ചായിരുന്ന ഒ.എം നമ്പ്യാരാണ് അന്താരാഷ്ട്ര അത്‌ലറ്റാകാനുള്ള ഉഷയുടെ ശേഷി തിരിച്ചറിഞ്ഞ് പരിശീലനം നൽകിയത്. തുടർന്ന് ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക് പറക്കുകയായിരുന്നു ഈ 'പയ്യോളി എക്‌സ്പ്രസ്'. അത് മലയാളികൾക്കും കായിക ഇന്ത്യക്കും വൻ പ്രതീക്ഷയാണ് പകർന്നത്. 58-കാരിയായ ഉഷ ഏഷ്യൻ ഗെയിംസിൽ അടക്കം സ്വർണ നേട്ടം സ്വന്തമാക്കിയ, ആഗോളതലത്തിൽ ഏറ്റവുമധികം അറിയപ്പെടുന്ന ഇന്ത്യൻ അത്‌ലറ്റുകളിൽ ഒരാൾ കൂടിയാണ്. ഏഷ്യൻ ഗെയിംസിൽ 1983 മുതൽ 1994 വരെയുള്ള കാലത്ത് 14 സ്വർണമടക്കം 23 അന്താരാഷ്ട്ര മെഡലുകളാണ് ഉഷ സ്വന്തം പേരിൽ കുറിച്ചത്. 1984-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ തലനാരിഴയ്ക്ക് മെഡൽ നഷ്ടമായതാണ് ഉഷയുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടം. അന്ന് റുമാനിയൻ താരം ക്രിസ്റ്റിയാന കൊജോകാരുവിനോട് 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് ഉഷക്ക് വെങ്കല മെഡൽ നഷ്ടമായത്.
മുമ്പ് ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷക പദവികളിലും ഉഷ ഉണ്ടായിരുന്നു. ഉഷയുടെ പുതിയ പദവി കായികരംഗത്ത് പുത്തനുണർവ് പകരാൻ സഹായകമാവുമെന്നാണ് മലയാളികളുടെയും കായികഇന്ത്യയുടെയും പ്രതീക്ഷ.