ദുബായ്- അബദ്ധം പറ്റിയതാണെന്നു പറഞ്ഞ് ക്ഷമ ചോദിച്ചതോടെ നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ സ്വീകരിക്കേണ്ടിയിരുന്ന നിയമനടപടികള്‍ എയര്‍ ഇന്ത്യ ഒഴിവാക്കി. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നടന്റെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയത്. വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നു വ്യക്തമായതോടെ ബന്ധുക്കള്‍ക്കൊപ്പമാണ് വിട്ടയച്ചത്. ദുബായില്‍നിന്ന് എക്‌സിറ്റ് അടിച്ചു കഴിഞ്ഞതിനാല്‍ പുതിയ വിസിറ്റ് വീസയെടുത്താണ് ബന്ധുക്കള്‍ക്കൊപ്പം മടങ്ങിയത്.
കഴിഞ്ഞ ദിവസം റിലീസായ 'ഭാരത സര്‍ക്കസ്' എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടന്‍ ദുബായില്‍ എത്തിയത്.
ശനി ഉച്ചയ്ക്ക് 1.30നുള്ള എയര്‍ ഇന്ത്യയുടെ എ െഎ 934 വിമാനത്തില്‍ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനകത്ത് ഓടി നടന്ന നടന്‍ പിന്നീട് പിന്നിലെ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളില്‍ കയറി കിടക്കുകയും തുടര്‍ന്ന് കോക്പിറ്റില്‍ കയറാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് അധികൃതര്‍ വിമാനത്തില്‍ നിന്ന് ഇറക്കിയ അദ്ദേഹത്തെ വിമാനത്താവള പോലീസിനു കൈമാറുകയായിരുന്നു. മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.
വെള്ളിയാഴ്ച രാത്രി സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷൈനും നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, സമയത്ത് വിമാനത്താവളത്തില്‍ എത്താത്തതിനാല്‍ അദ്ദേഹത്തിനു മടങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ശനിയാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ ടിക്കറ്റ് തരപ്പെടുത്തിയത്.