ഭോപാല്‍-മധ്യപ്രദേശിലെ ബിട്ടുളില്‍ കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചു. തന്‍മയ് സാഹു ആണ് 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. നാലു ദിവസത്തിന് ശേഷം കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
400 അടി താഴ്ചയുള്ള കിണറില്‍ വീണ തന്മയ് കിണറിന്റെ 60 അടിയിലായി തങ്ങിനില്‍ക്കുകയായിരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് അതിലേയ്ക്കിറങ്ങി തുരങ്കം തീര്‍ത്ത് കുട്ടിയുടെ അടുത്തേയ്ക്ക് എത്തിയായിരുന്നു പുറത്തെത്തിച്ചത്. സമീപത്തെ പാറക്കെട്ടുകള്‍ രക്ഷാപ്രവത്തനത്തിന് കടുത്ത പ്രതിസന്ധി തീര്‍ത്തിരുന്നു. കുട്ടിയ്ക്ക് ട്യൂബ് വഴി ഓക്സിജനും ആഹാരവും വെള്ളവും നല്‍കിയിരുന്നു. കുട്ടിയുടെ ആരോഗ്യനിലയില്‍ തൃപ്തിയുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം വരെയും അധികൃതര്‍ അറിയിച്ചിരുന്നത്.
ബിട്ടുളി സ്വദേശി നാനാക് ചൗഹാന്റെ സ്വകാര്യകൃഷിയിടത്തിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. ഇതിന് സമീപത്തായുള്ള മൈതാനത്ത് കളിക്കുന്നതിനിടെ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് കൃഷിയിടത്തിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനായി കിണര്‍ കുഴിച്ചത്. എന്നാല്‍ വെള്ളം കിട്ടാത്തതിനാല്‍ ഇത് പിന്നീട് ഇരുമ്പ് പാളികൊണ്ട് മൂടിയെന്ന് ചൗഹാന്‍ വെളിപ്പെടുത്തിയിരുന്നു. കുട്ടി ഇരുമ്പ് പാളിയെങ്ങനെ നീക്കം ചെയ്തതെന്ന് അറിയില്ലെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.