- മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്നും ബി.ജെ.പിയിലേക്ക് പോകേണ്ടവർ നേരത്തെ പോയെന്നും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ
ഷിംല / ന്യൂദൽഹി - ഹിമാചലിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വടംവലിയിൽ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന് വിട്ടു. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ഇന്ന് വൈകീട്ട് നിയമസഭാകക്ഷി യോഗം ചേർന്നെങ്കിലും പ്രതിസന്ധിയ്ക്ക് അയവുണ്ടാവാത്തതിനെ തുടർന്നാണ് തീരുമാനം ഹൈക്കമാൻഡിന് വിട്ടത്.
യോഗത്തിൽ കോൺഗ്രസിന്റെ 40 എം.എൽ.എമാരും പങ്കെടുത്തു. മുഖ്യമന്ത്രി ആരാകണമെന്നതിലെ ആദ്യഘട്ട ചർച്ചകളാണ് ഇന്ന് യോഗത്തിൽ നടന്നതെന്നാണ് നേതൃത്വം പറയുന്നത്. എ.ഐ.സി.സി നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, സംസ്ഥാനത്തിന്റെ ചുമതലയുള്ള രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഏകോപിച്ച തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന പ്രമേയം പാസാക്കി പിരിയുകയായിരുന്നു.
എം.എൽ.എമാരിൽനിന്നുതന്നെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയും പി.സി.സി അധ്യക്ഷയുമായ മാണ്ഡ്യയിൽനിന്നുള്ള എം.പി പ്രതിഭ സിങും തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുണ്ടായിരുന്ന പി.സി.സി മുൻ അധ്യക്ഷൻ സുഖ്‌വീന്ദർ സിങ് സുഖുവുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുളളത്. പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയെയും പരിഗണിക്കുന്നുണ്ട്.
സുഖ്‌വീന്ദർ സിങ് സുഖുവിന്റെയും മുകേഷ് അഗ്‌നിഹോത്രിയുടെയും പേരുകളായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ പി.സി.സി പ്രസിഡന്റ് പ്രതിഭാ സിങും അവകാശവാദവുമായി രംഗത്തെത്തിയതോടെ തീരുമാനം കീറാമുട്ടിയാവുകയായിരുന്നു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ഉയർത്തിയാണ് സമ്മർദ്ദം ശക്തമാക്കിയത്. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിന്റെ ഫലം മാറ്റാർക്കെങ്കിലും നൽകാനാകില്ലെന്നാണ് പ്രതിഭ തുറന്നടിച്ചത്. എന്നാൽ മകനും എം.എൽ.എയുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി കിട്ടാനാണ് പ്രതിഭയുടെ സമ്മർദ്ദമെന്നും നിരീക്ഷണമുണ്ട്. പ്രതിഭയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താൻ എം.പിസ്ഥാനം രാജിവയ്‌ക്കേണ്ടിവരും. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാടും നിർണായകമാവും. മകന് ഉപമുഖ്യമന്ത്രി / മന്ത്രി സ്ഥാനം നല്കി പ്രതിഭയെ അനുനയിപ്പിക്കാനായേക്കും എന്ന് കരുതുന്നവരുമുണ്ട്.
അതിനിടെ, തർക്കം തെരുവിലേക്കും നീണ്ടു. പ്രതിഭാ സിങ് അനുകൂലികൾ നിരീക്ഷകനായ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞു തങ്ങളുടെ വികാരം പങ്കുവെച്ചു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ ഗ്രൂപ്പിസം ഇല്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രതിഭാ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഞാൻ ഒരു മുഖ്യമന്ത്രി മോഹിയല്ല, ഒരു കോൺഗ്രസ് പ്രവർത്തകൻ മാത്രമാണ്, ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്ന്' സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞു.
68 അംഗ ഹിമാചൽ നിയമസഭയിൽ 40 സീറ്റ് നേടിയാണ് കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചത്. കോൺഗ്രസ് എം.എൽ.എമാരിൽ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ 58-കാരനായ സുഖ്‌വീന്ദർ സിംഗ് സുഖുവിനാണെന്നാണ് പുറത്തുവരുന്ന വിവരം. നൗദാൻ മണ്ഡലത്തിൽ നിന്ന് അഞ്ചാംതവണയും സഭയിലെത്തിയ ഇദ്ദേഹത്തിനായി 21 എം.എൽ.എമാർ രംഗത്തുള്ളപ്പോൾ പ്രതിഭാ സിങ് 15 എം.എൽ.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.
അതിനിടെ, മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു. എം.എൽ.എമാർ ഒറ്റക്കെട്ടാണെന്നും ബി.ജെ.പിയിലേക്ക് പോകേണ്ടവർ നേരത്തെ പോയെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി അദ്ദേഹം പ്രതികരിച്ചു.