മുംബൈ -ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ ജീവപര്യന്തം തടവുശിക്ഷയില്‍ ബോംബെ ഹൈക്കോടതി ഇളവ് നല്‍കി. ഇറച്ചിക്കറി നന്നായി പാകം ചെയ്യാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കില്‍ ഭാര്യയെ കൊന്ന കേസിലാണ് ഭര്‍ത്താവിന്റെ ജീവപര്യന്തം തടവ് ശിക്ഷയില്‍ കോടതി ഇളവ് വരുത്തിയത്.
ജസ്റ്റിസുമാരായ രോഹിത് ദിയോ, ഊര്‍മിള ജോഷി ഫാല്‍ക്കെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പ്രതിയുടെ ശിക്ഷ ഇളവു ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം) എന്നതിനുപകരം സെക്ഷന്‍ 304 ഭാഗം1 (കുറ്റകരമായ നരഹത്യ) പ്രകാരം കേസ് മാറ്റുകയും അതനുസരിച്ച് പ്രതിക്ക് 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കുകയുമായിരുന്നു.
കേസ് 302 ാം വകുപ്പിന് കീഴിലോ മറ്റ് ഏതെങ്കിലും വകുപ്പിലോ വരുമോ എന്ന് നിരീക്ഷിച്ച ബെഞ്ച്, കൊലപാതകത്തിന്റെ സ്വഭാവം അറിയുന്നതിന് ഉപയോഗിച്ച ആയുധം പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ഭാര്യയെ മനപ്പൂര്‍വം മര്‍ദിക്കുകയായിരുന്നില്ലെന്നും വഴക്കിനിടെ വടി പോലുള്ള മാരകായുധം ഉപയോഗിക്കുകയായിരുന്നുവെന്നും കോടതി കണ്ടെത്തി.