ന്യൂദല്‍ഹി-യൂട്യൂബിലെ നഗ്ന രംഗങ്ങളുള്ള പരസ്യങ്ങള്‍ ശ്രദ്ധ തിരിച്ചത് കാരണം പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ പരാജയപ്പെട്ടെന്നും ഗൂഗിള്‍ 75 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹരജി പിഴ ചുമത്തി സുപ്രീംകോടതി തള്ളി. സാമൂഹിക മാധ്യമങ്ങളില്‍ നഗ്ന രംഗങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. അവിശ്വസനീയം എന്നാണ് ഹരജിയോട് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആദ്യം പ്രതികരിച്ചത്. കോടതിയില്‍ ഇതുവരെ എത്തിയതില്‍ ഏറ്റവും മോശം ഹരജിയാണിതെന്നും വിലയിരുത്തി. താത്പര്യമില്ലാത്ത പരസ്യങ്ങള്‍ കാണേണ്ടെന്നും ജസ്റ്റീസ് കൗള്‍ ഹര്‍ജിക്കാരനോട് പറഞ്ഞു. കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹരജിക്കാരനായ ആനന്ദ് കിഷോര്‍ ചൗധരിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇത്തരമൊരു ഹരജി തന്നെ പ്രകോപിപ്പിക്കുന്നതാണെന്നാണ് ജസ്റ്റീസ് കൗള്‍ കര്‍ശന സ്വരത്തില്‍ പറഞ്ഞത്. പിഴ ചുമത്തിയ ഉടന്‍ തന്നെ തന്റെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണെന്നും മാപ്പാക്കണമെന്നും ഹരജിക്കാരന്‍ അപേക്ഷിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ഏതു വിഷയവും ഉയര്‍ത്തിപ്പിടിച്ച് സുപ്രീംകോടതിയിലേക്ക് വരാമെന്നാണോ കരുതുന്നതെന്ന് ജസ്റ്റീസ് കൗള്‍ ചോദിച്ചു. ക്ഷമിക്കുന്ന പ്രശ്‌നമേയില്ലെന്ന് പറഞ്ഞ ജസ്റ്റീസ് പിഴ തുക 25,000 രൂപയായി കുറയ്ക്കാമെന്നു പറഞ്ഞു. പക്ഷേ, തനിക്ക് ഒരു തരത്തിലുള്ള വരുമാനവും ഇല്ലെന്നായി ഹരജിക്കാരന്‍. നിങ്ങള്‍ക്ക് വരുമാനം ഇല്ലെങ്കില്‍ സ്വത്ത് കണ്ടു കെട്ടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് സ്വരം കടുപ്പിച്ചു പറഞ്ഞ ജസ്റ്റീസ് അടുത്ത കേസ് വിളിക്കാന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)