റബർ മികവിന് ശ്രമം തുടങ്ങിയത് ഏഷ്യൻ റബർ ഉൽപാദന രാജ്യങ്ങളുടെ ആത്മവിശ്വാസം ഉയർത്തി. അന്താരാഷ്ട്ര തലത്തിൽ റബർ നേട്ടം കൈവരിക്കുമെന്ന സുചനകൾ ഇന്ത്യൻ ടയർ നിർമ്മതാക്കളെ ആഭ്യന്തര മാർക്കറ്റിൽ സജീവമാക്കി. വേനൽ മഴ ശക്തമാണെങ്കിലും റബർ ടാപ്പിങിന് കർഷകർ താൽപര്യം കാണിച്ചില്ല. റബർ ഉൽപാദന രംഗത്തെ ശോഷിപ്പ് വ്യവസായികളെ ആശങ്കയിലുമാക്കി. റബറിന്റെ താഴ്ന്ന വിലയാണ് കർഷകരെ പിൻതിരിപ്പിക്കുന്നത്. കൊച്ചി, കോട്ടയം, മലബാർ വിപണി ഷീറ്റ് വരവ് നാമമാത്രമാണ്. കർഷകരുടെയും സ്‌റ്റോക്കിസ്റ്റുകളുടെയും പക്കൽ കാര്യമായി റബറില്ല. ഇതിനിടയിൽ വിദേശത്തെ ഉണർവ് ആഭ്യന്തര മാർക്കറ്റിനെ ചൂടുപിടിപ്പിക്കാൻ ഇടയാക്കുമെന്ന ഭീതിയും വ്യവസായികളിൽ ഉടലെടുത്തു. 12,000 രൂപയിൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച നാലാം ഗ്രേഡ് 12,200 ലേയ്ക്ക് ഉയർന്നു. അഞ്ചാം ഗ്രേഡ് 12,000 ൽ വ്യാപാരം നടന്നു.
ജപ്പാനിൽ ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ കിലോ 200 യെൻ മറികടക്കാൻ ശ്രമം തുടരുകയാണ്. യെന്നിന്റെ വിനിമയ മൂല്യത്തിലെ ചാഞ്ചാട്ടം റബറിന് നേട്ടമായി. ഇതിന് പുറമേ ഏപ്രിലിൽ ചൈനയിൽ വാഹന വിൽപ്പന പതിനൊന്ന് ശതമാനം വർധിച്ചതും ഏഷ്യൻ റബർ വിപണികൾക്ക് കരുത്ത് പകർന്നു.
കുരുമുളകിന് 600 രൂപ ഇടിഞ്ഞു. ആഭ്യന്തര വാങ്ങലുകാരുടെ അഭാവവും ഉത്തരേന്ത്യക്കാർ ചരക്ക് സംഭരിക്കാൻ കർണാടകത്തിൽ താൽപര്യം കാണിച്ചതും വിപണിയെ ബാധിച്ചു. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞത് വിദേശ കച്ചവടങ്ങൾക്ക് സാഹചര്യം ഒരുക്കുമെന്ന് കണക്ക് കൂട്ടലിലാണ് ഒരു വിഭാഗം കയറ്റുമതിക്കാർ. അൺ ഗാർബിൾഡ് കുരുമുളക് 36,000 രൂപയിലും ഗാർബിൾഡ് 38,000 രൂപയിലുമാണ്.
അറബ് രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ ചുക്ക് വിപണിക്ക് ചൂട് പകർന്നു. വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചവർ കിലോ 160 രൂപയ്ക്ക് വരെ ചുക്ക് എടുത്തു. വിവിധയിനം ചുക്ക് ക്വിന്റലിന് 12,500- 14,000 രൂപയിലാണ്. ഓഫ് സീസണിലും ഏലക്ക വില ഉൽപാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. വാരാരംഭത്തിൽ കിലോ 1049 രൂപ വരെ ഇടിഞ്ഞ മികച്ചയിനം ഏലക്കയുടെ നിരക്ക് പിന്നീട് 1288 കയറി. വെളിച്ചെണ്ണയുടെ ഉയർന്ന വില വിൽപ്പനയെ ബാധിച്ചു. മില്ലുകാർ സ്‌റ്റോക്ക് വിറ്റഴിക്കാൻ മത്സരിച്ചു. കൊച്ചിയിൽ എണ്ണ വില 18,300 രൂപയിലും കൊപ്ര 12,210 രൂപയിലുമാണ്.
സ്വർണ വില ഉയർന്നു. ആഭരണ വിപണികളിൽ പവൻ 23,120 രൂപയിൽനിന്ന് 23,200 ലേയ്ക്ക് കയറി തുടർച്ചയായി അഞ്ച് ദിവസം വിപണനം നടന്ന ശേഷം ശനിയാഴ്ച്ച പവൻ 23,280 രൂപയിലേയ്ക്ക് ഉയർന്നു.