താരങ്ങള്‍ ഒരുമിച്ചെത്തി മാറ്റുരയ്ക്കുന്ന പരിപാടിയാണ് ബിഗ് ബോസ്. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ പരിപാടിയുടെ മലയാള പതിപ്പ് ഒരുങ്ങുന്നു. മോഹന്‍ലാലാണ് പരിപാടി അവതരിപ്പിക്കുന്നതെന്ന് പ്രമുഖ ചാനല്‍ അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മോഹന്‍ലാല്‍ അവതാരകനായി എത്തുമെന്ന് സ്ഥിരീകരിച്ചതോടെയാണ് പല താരങ്ങളും പരിപാടിയില്‍ കയറിപ്പറ്റാനുള്ള നീക്കങ്ങള്‍ നടത്തി തുടങ്ങിയത്. ബിഗ് സ്‌ക്രീനിലെയും മിനിസ്‌ക്രീനിലെയും താരങ്ങള്‍ ഇതിനായി താല്‍പര്യം കാണിക്കുന്നുണ്ട്. ബിഗ് ബോസ് മലയാളം പതിപ്പെന്ന ഖ്യാതിക്ക് പുറമെ മോഹന്‍ലാലിന്റെ സാന്നിധ്യമാണ് പലരെയും ആകര്‍ഷിച്ചത്. മോഹന്‍ലാലിന്റെ സ്വീകാര്യതയും സൂപ്പര്‍ താരപദവിയുമാണ് എല്ലാവരും ശ്രദ്ധിച്ചത്. ബിഗ് ബോസ് മലയാളം പതിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചു വരികയാണ്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസുമായാണ് പലരും ഈ പരിപാടിയെ താരതമ്യം ചെയ്യുന്നത്. പല താരങ്ങളും ഈ പരിപാടിയുടെ അവതാരക വേഷം ഏറ്റെടുക്കാത്തതിന് പിന്നിലെ കാരണവും ഇതായിരുന്നു. മത്സരാര്‍ത്ഥികളെ പുറംലോകവുമായി ബന്ധമില്ലാത്ത വീട്ടില്‍ കുറച്ചുനാളത്തേക്ക് താമസിപ്പിക്കുകയും അതിനിടയില്‍ അസാധാരണ നിബന്ധനകള്‍ നല്‍കുകയും ചെയ്യും. ഫോണ്‍, കംപ്യൂട്ടര്‍. തുടങ്ങിയ യാതൊരു തരത്തിലുള്ള ഉപകരണങ്ങളും ഉപയോഗിക്കാനും അനുവദിക്കില്ല. റിയാലിറ്റി ഷോയുടെ വിജയിയെ കണ്ടെത്തുന്നതിന് മുന്‍പ് ഓരോ ഘട്ടത്തിലും എലിമിനേഷന്‍ നടത്തും. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തരായി മത്സരത്തോട് വിട പറയുകയും മികച്ച മത്സരാര്‍ത്ഥികള്‍ കുറച്ച് പേര്‍ ശേഷിക്കുന്ന അവസ്ഥയുമെത്തുമ്പോള്‍ ഫൈനല്‍ റൗണ്ട് നടത്തും. മുന്‍നിര താരങ്ങളില്‍ പലരെയും പരിപാടി അവതരിപ്പിക്കുന്നതിനായി സമീപിച്ചിരുന്നുവെങ്കിലും പലരും തയ്യാറായിരുന്നില്ല. അവരവരുടെ പ്രതിഛായയെ ബാധിക്കുന്ന തരത്തിലാവുമോ പരിപാടിയുടെ ഉള്ളടക്കം എന്ന ആശങ്കയാണ് പലരെയും പിന്നോട്ട് വലിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ഏറെ സന്തോഷത്തോടെയാണ് ഇക്കാര്യം ഏറ്റെടുത്തത്. മറ്റ് താരങ്ങള്‍ വിമുഖത കാണിച്ച പശ്ചാത്തലത്തില്‍ പരിപാടി ഏറ്റെടുക്കാന്‍ തയാറായ മോഹന്‍ലാലിന് ചാനല്‍ അധികൃതര്‍ വന്‍തുകയാണ് പ്രതിഫലമായി നല്‍കിയതെന്നും സംസാരമുണ്ട്.