ന്യൂദല്‍ഹി-ബാബരി മസ്ജിദ് തകർത്ത കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞ് മൂന്നു വര്‍ഷം പിന്നിട്ടിട്ടും അയോധ്യയില്‍ പുതിയ പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള അനുമതികള്‍ വൈകുന്നതാണ് പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന്റെ കാരണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയിലെ ധന്നിപ്പൂര്‍ ഗ്രാമത്തിലാണ് പള്ളി നിര്‍മാണത്തിനായി അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ചത്. 2019 നവംബര്‍ ഒന്‍പതിനാണ് അയോധ്യയില്‍ കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.
വിധിക്ക് പിന്നാലെ 2020 ജൂലൈയില്‍ സുന്നി വഖഫ് ബോര്‍ഡ് മോസ്‌ക് നിര്‍മാണ ചുമതലകള്‍ക്കായ് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു. മസ്ജിദിന്റെ പ്ലാന്‍ സമർപ്പിച്ചെങ്കിലും അധികൃതര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നാണ് ഫൗണ്ടേഷന്‍ സെക്രട്ടറി അതാര്‍ ഹുസൈന്‍ പറയുന്നത്. രൂപരേഖയ്ക്ക് അനുമതി ലഭിക്കാതെ നിര്‍മാണം ആരംഭിക്കാനാകില്ല. ധന്നിപ്പൂരില്‍ ലഭിച്ച ഭൂമി രേഖകളില്‍ കൃഷി ഭൂമിയാണ്. ഇത് സ്ഥാപന ഉടമസ്ഥത എന്നാക്കി മാറ്റുകയും വേണം.
മസ്ജിദിന്റെ പ്ലാന്‍ ഉള്‍പ്പടെയുള്ള രേഖകള്‍ അംഗീകാരം ലഭിക്കുന്നതിനായി അയോധ്യ ഡവലപ്‌മെന്റ് അഥോറിറ്റിക്കു കഴിഞ്ഞ വർഷം നല്‍കിയതാണ്. ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഫയല്‍ ഇപ്പോള്‍ അയോധ്യ ഡവലപ്‌മെന്റ് അഥോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ അയോധ്യ ഡിവിഷണല്‍ കമ്മീഷണറു മുന്‍പിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഹുസൈന്‍ പറയുന്നു.
പദ്ധതി അനുസരിച്ച് മസ്ജിദിനോടൊപ്പം ആശുപത്രിയും സാമൂഹിക അടുക്കളയും കൂടിച്ചേര്‍ന്ന് നിര്‍മിക്കുന്നതിനുള്ള രൂപരേഖയാണ് അധികൃതര്‍ക്കു നല്‍കിയിട്ടുള്ളത്. ആശുപത്രി ഉള്‍പ്പടെ 110 കോടി രൂപയുടേതാണ് മൊത്തം നിര്‍മാണ പദ്ധതി. ഇതില്‍ 100 കോടി രൂപ ആശുപത്രിയുടെ മാത്രം നിര്‍മാണത്തിന് വേണ്ടിയാണ്. പദ്ധിരേഖയ്ക്ക് അനുമതി ലഭിക്കാത്തതിന് പുറമേ ഫയര്‍ സേഫ്റ്റി എന്‍ഒസിയും ലഭിച്ചിട്ടില്ല. പ്രവേശന കവാടത്തിന് ഒന്‍പതു മീറ്റര്‍ വീതി ആവശ്യമാണെന്നിരിക്കേ ലഭിച്ച സ്ഥലത്ത് 4.02 മീറ്റര്‍ മാത്രമേ സാധ്യമാകുകയുള്ളൂ.