ബംഗളൂരു- കര്‍ണാടകയില്‍ തൂക്കുസഭയായിരിക്കുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കെ ഇനി സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും തിരക്കിട്ട ചര്‍ച്ചകളില്‍. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഏതൊക്കെ വഴികള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ചാണ് പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്.
അതിനിടെ, സംസ്ഥാനത്ത് ഒരു ദളിത് മുഖ്യമന്ത്രിയുണ്ടാകുന്നതിനായി വേണ്ടിവന്നാല്‍ താന്‍ വഴി മാറുമെന്ന് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ സൂചിപ്പിച്ചു. സംസ്ഥാനത്ത് ദളിത് മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നതിന് താന്‍ ഒരിക്കലും എതിരുനിന്നിട്ടില്ലെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നും സിദ്ധരാമയ്യ ചോദ്യത്തിനു മറുപടി നല്‍കി.
മേയ് 12 ന് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി. പരമേശ്വരയാണ് ദളിത് മുഖ്യമന്ത്രി ചര്‍ച്ചക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ ഇക്കുറി നിരവധി ദളിത് സ്ഥാനാര്‍ഥികളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കാന്‍ മൂന്ന് ദളിത് നേതാക്കള്‍ രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡോ. ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ എന്നിവരാണ് ഈ നേതാക്കള്‍.