Sorry, you need to enable JavaScript to visit this website.

ലഖിംപൂര്‍ ഖേരി: ആശിഷ് മിശ്രക്കെതിരെ കുറ്റപത്രമായി, കൊലക്കുറ്റം

ന്യൂദല്‍ഹി-ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കൊലക്കുറ്റത്തിന് വിചാരണ നേരിടും. ഉത്തര്‍പ്രദേശിലെ ഖേരി ജില്ലാ കോടതിയാണ് ആശിഷ് മിശ്രയ്ക്കും മറ്റു 13 പ്രതികള്‍ക്കുമെതിരേ കുറ്റം ചുമത്തിയത്. 2021 ഒക്‌ടോബറില്‍ ലഖിംപൂര്‍ ഖേരിയിലെ തിക്കുനിയയില്‍ കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ഉണ്ടാക്കിയ അപകടത്തില്‍ നാലു കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. മന്ത്രി പുത്രനായ ആശിഷ് മിശ്രയുടെ കേസിലെ മുഖ്യ പ്രതി. കേസില്‍ പ്രതിയായ ആശിഷ് മിശ്രയുടെ അമ്മാവന്‍ വീരേന്ദ്ര കുമാര്‍ ശുക്ല ഒഴികെ ബാക്കി 13 പേര്‍ക്കും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
    കൊലപാതക കുറ്റം, വധ ശ്രമം, കലാപം, ആയുധ നിയമം തുടങ്ങി വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികളുെട വിചാരണ ഡിസംബര്‍ 16ന് ആരംഭിക്കാന്‍ അഡീഷണല്‍ ജില്ലാ ജഡ്ജി സുനില്‍ കുമാര്‍ വര്‍മ നിശ്ചയിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ അരവിന്ദ് ത്രിപാഠി അറിയിച്ചു. കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കൊല്ലപ്പട്ട മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ സഹോദരന്‍ പവന്‍ കശ്യപ് പറഞ്ഞു. കോടതിയോട് നന്ദിയുണ്ട്. സുപ്രീംകോടതിയേയും നന്ദി അറിയിക്കുന്നു. വിചാരണയിലേക്ക് നീങ്ങാന്‍ കുറച്ചു കാലതാമസം ഉണ്ടായി. എന്നാലും നീതിന്യായ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും പവന്‍ പറഞ്ഞു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


    പോലീസിന്റെ കുറ്റപത്രത്തില്‍ ആശിഷ് മിശ്ര കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞു കയറിയ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. കുറ്റപത്രം പരിണിച്ച ജില്ലാ കോടതി ഇന്നലെ ഐപിസി 34-ാം വകുപ്പ് ഒഴിവാക്കി. ക്രിമിനല്‍ നടപടി ചട്ടം 149 ചുമത്തിയിട്ടുള്ളതിനാല്‍ പിന്നെ 34-ാം വകുപ്പിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി. രണ്ടു ബിജെപി പ്രവര്‍ത്തകരും ഡ്രൈവറും കൊല്ലപ്പെട്ട കേസില്‍ നാലു പേര്‍ക്കെതിരേയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
    കേസില്‍ ജാമ്യം ആവശ്യപ്പെട്ടു നല്‍കിയ ആശിഷ് മിശ്രയുടെ അപേക്ഷ കഴിഞ്ഞ അഞ്ചാം തീയതി ഖേരി ജില്ലാ കോടതി തള്ളിയിരുന്നു. കഴിഞ്ഞ നവംബര്‍ പതിനൊന്നിന് ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റീസുമാരായ ബി.ആര്‍ ഗവായ്, ബി.വി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് പിന്‍വാങ്ങി. കഴിഞ്ഞ ഏപ്രിലില്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച് അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ജഡ്ജി സൂര്യകാന്ത് റദ്ദാക്കുകയും ചെയ്തു. കേസില്‍ വാദിയായവര്‍ക്ക് മെച്ചപ്പെട്ട വിചാരണയ്ക്ക് അവസരം ലഭിച്ചില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
    2020 ഒക്‌ടോബര്‍ മൂന്നിനാണ് ലഖിംപൂര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാലു കര്‍ഷകരും മാധ്യമ പ്രവര്‍ത്തകനും ബിജെപിക്കാരും ഉള്‍പ്പടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞു കയറിയ കാറിനെ കര്‍ഷകര്‍ പിന്‍തുടര്‍ന്ന് ആക്രമിച്ചപ്പോഴാണ് ഡ്രൈവറും രണ്ടു ബിജെപി പ്രവര്‍ത്തകരും ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. സുപ്രീംകോടതി യുപി സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് ആശിഷ് മിശ്ര അറസ്റ്റ്് ചെയ്യപ്പെട്ടത്. പിന്നീട് പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂര്‍ത്തിയാക്കി 14 പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കി. മുന്‍ രാജ്യസഭ എംപി അഖിലേഷ് ദാസിന്റെ മരുമകന്‍ അങ്കിത് ദാസും പ്രതിയാണ്.

 

Latest News