കുറഞ്ഞ കാലത്തിനിടെ വെള്ളിത്തിരയില്‍ മായാത്ത മുദ്ര പതിപ്പിച്ച നടി മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 30 വയസ്സ്. മരിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും മോനിഷ ഇപ്പോഴും മലയാളത്തിന് തീരാനോവാണ്. പതിനാലാം വയസ്സില്‍ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ദേശീയ പുരസ്‌കാരം നേടിയ മോനിഷ ഏഴ് വര്‍ഷങ്ങളില്‍ അഭിനയിച്ചത് 27 സിനിമകളില്‍. ചുരുങ്ങിയ കാലത്തെ അഭിനയജീവിതമായിരുന്നെങ്കിലും ഒരായുഷ്‌കാലത്തേക്കുള്ള ഓര്‍മ്മകള്‍ അടയാളപ്പെടുത്തിയാണ് മോനിഷ മടങ്ങിയത്.
1992 ഡിസംബര്‍ അഞ്ചിനു 'ചെപ്പടിവിദ്യ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ചിരുന്ന കാര്‍ ആലപ്പുഴക്കടുത്തുള്ള ചേര്‍ത്തലയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മോനിഷയെ വിട്ടുപിരിഞ്ഞത്.
അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു മോനിഷയുടെ കലാജീവിതം. തമിഴിലും കന്നടയിലുമെല്ലാം ആരാധകര്‍. അഴകും അഭിനയമികവും നൃത്തത്തിലെ പ്രാവീണ്യവും മോനിഷയെ ജനപ്രിയ നായികയാക്കി. സിനിമയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആ യാത്ര അവസാനിച്ചു.
1971ല്‍ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ആലപ്പുഴയിലാണ് മോനിഷ ജനിച്ചത്. അച്ഛന് ബാംഗൂരില്‍ തുകല്‍ ബിസിനസ് ആയിരുന്നതിനാല്‍ മോനിഷയുടെ ബാല്യം ബാംഗ്ലൂരിലായിരുന്നു. അമ്മ ശ്രീദേവി നര്‍ത്തകിയും. മോനിഷ പഠിച്ചതെല്ലാം ബാംഗ്ലൂരിലായിരുന്നു. കുട്ടിക്കാലം തൊട്ടു നൃത്തം പഠിച്ചിരുന്ന മോനിഷ ഒന്‍പതാമത്തെ വയസ്സില്‍ ആദ്യ സ്‌റ്റേജ് പ്രോഗ്രാം നടത്തി. 1985ല്‍ കര്‍ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന 'കൌശിക അവാര്‍ഡ്' മോനിഷയ്ക്കു ലഭിച്ചു.
സൈക്കോളജിയില്‍ ബിരുദം നേടിയ മോനിഷക്ക് സിനിമയില്‍ അവസരം കിട്ടിയത് കുടുംബ സുഹൃത്തായ എം.ടി വാസുദേവന്‍ നായരിലൂടെയാണ്. നഖക്ഷതങ്ങളായിരുന്നു ആദ്യ ചിത്രം. അതില്‍ മോനിഷയെത്തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തി. പതിനഞ്ചു വയസായിരുന്നു അപ്പോള്‍ മോനിഷയുടെ പ്രായം. പിന്നീട് പെരുന്തച്ചന്‍, കടവ്, കമലദളം, ചമ്പക്കുളം തച്ചന്‍, കുടുംബസമേതം തുടങ്ങിയ ചിത്രങ്ങളിലും മോനിഷയുടെ അഭിനയമികവ് മലയാളം കണ്ടറിഞ്ഞു.