ലണ്ടന്‍- വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിലവിലുള്ള നിരോധം എടുത്തുകളയാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. യൂറോപ്പിലെ എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് ഉടന്‍ തന്നെ തങ്ങളുടെ ഫോണുകള്‍ വിമാനങ്ങളില്‍ പൂര്‍ണമായി ഉപയോഗിക്കാനാകും.
സ്പീഡ് കുറഞ്ഞ മൊബൈല്‍ ഡാറ്റയ്‌ക്കൊപ്പം വിമാനങ്ങളില്‍ 5ജി സാങ്കേതികവിദ്യ നല്‍കാനും എയര്‍ലൈനുകള്‍ക്ക് കഴിയുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വിധിച്ചു.
കൂടുതല്‍ വിശദാശംങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും യാത്രക്കാര്‍ക്ക് അവരുടെ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡില്‍ ഇടേണ്ട ആവശ്യമില്ലെന്നാണ് വ്യക്തമാക്കുന്നത്.
അംഗരാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് 5ജി ഫ്രീക്വന്‍സി ബാന്‍ഡുകള്‍ ലഭ്യമാക്കുന്നതിനുള്ള സമയപരിധി 2023 ജൂണ്‍ 30 ആണ്.
യാത്രക്കാര്‍ക്ക് ഫോണിന്റെ എല്ലാ സൗകര്യങ്ങളും വിമാന യാത്രക്കിടെ മിഡ്ഉപയോഗിക്കാമെന്നാണ് ഇതിനര്‍ത്ഥം. കോളുകളും സംഗീതവും വീഡിയോയും സ്ട്രീം ചെയ്യുന്ന ഡാറ്റാ ഹെവി ആപ്പുകളും പ്രവര്‍ത്തനക്ഷമമാകും.
പദ്ധതി ജനങ്ങള്‍ക്ക് നൂതനമായ സേവനങ്ങള്‍ പ്രാപ്തമാക്കുമെന്നും യൂറോപ്യന്‍ കമ്പനികളുടെ വളര്‍ച്ചയെ സഹായിക്കുമെന്നും ഇന്റേണല്‍ മാര്‍ക്കറ്റിനായുള്ള യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ തിയറി ബ്രെട്ടണ്‍ പറഞ്ഞു.
സൂപ്പര്‍ ഫാസ്റ്റ്, ഉയര്‍ന്ന ശേഷിയുള്ള കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന സാധ്യതകളുടെ കാര്യത്തില്‍ ആകാശം ഇനി ഒരു പരിധിയല്ലെന്ന് അദ്ദേഹം പറഞ്ഞു.