ബംഗളൂരു- കര്‍ണാടകയില്‍ സ്‌കൂള്‍ കുട്ടികളുടെ ബാഗില്‍നിന്നു കണ്ടെത്തിയത് കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍, സിഗരറ്റ്, ലൈറ്റര്‍ എന്നിവ. വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകുന്നത് തടയാന്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നഗരത്തിലെ നിരവധി സ്‌കൂളുകളിലായാണ് പരിശോധന നടത്തിയത്.പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ബാഗില്‍ കോണ്ടം ഉണ്ടായിരുന്നതായി പരിശോധന നടത്തിയ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകുന്നുവെന്നുളള നിരവധി ആളുകളുടെ പരാതിയെത്തുടര്‍ന്നാണ് ടീച്ചര്‍മാര്‍ ബാഗുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. . സംഭവത്തിന് ശേഷം സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങ് ശുപാര്‍ശ ചെയ്തു. വിദ്യാര്‍ഥികളെ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. സ്‌കൂളില്‍ തന്നെ കൗണ്‍സിലിംഗ് സംവിധാനം ഉണ്ടെങ്കിലും പുറത്ത് നിന്നുളള ബോധവല്‍ക്കരണ സഹായങ്ങളും കുട്ടികള്‍ക്ക് നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
'ഞങ്ങള്‍ക്ക് സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് സെഷനുകള്‍ ഉണ്ടെങ്കിലും പുറത്തുനിന്നുള്ള കുട്ടികള്‍ക്ക് സഹായം തേടാന്‍ ഞങ്ങള്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയും 10 ദിവസം വരെ അവധി അനുവദിക്കുകയും ചെയ്തു.' പ്രിന്‍സിപ്പല്‍ പറഞ്ഞു. 80 ശതമാനം സ്‌കൂളുകളിലും പരിശോധന നടത്തിയതായി അധികൃതര്‍ പറഞ്ഞു.
കുട്ടികളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് ഗുരുതരമായ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.