ന്യൂദല്‍ഹി- 2020 ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസില്‍ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെ 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റുചെയ്തത്. 11 മണിക്കൂര്‍ ചോദ്യംചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു.
കലാപത്തില്‍ 53ഓളം ആളുകള്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 751 എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
കല്ലേറ് കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കലാപത്തിന്റെ ഗൂഢാലോചന സംബന്ധിച്ച യു.എ.പി.എ കേസ് ഉള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 2020 ഫെബ്രുവരി നാലിന് ചാന്ദ് ബാഗ് പുലിയയ്ക്ക് സമീപം തടിച്ചുകൂടിയവര്‍ കല്ലേറ് നടത്തിയെന്ന് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉമര്‍ ഖാലിദിനെയും ഖാലിദ് സെയ്ഫിനേയും കോടതി കുറ്റവിമുക്തനാക്കിയത്.