ജിദ്ദ- സിനിമാ പ്രദര്‍ശനങ്ങളും സംവാദങ്ങളുമായി മുന്നേറുന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടനം കൊണ്ടുതന്നെ വേറിട്ടുനില്‍ക്കുന്നു. അവിസ്മരണീയ അനുഭവങ്ങളാണ് പ്രശസ്ത താരങ്ങള്‍ക്കും പ്രതിനിധികള്‍ക്കും മൂന്നാം ദിനത്തിലെത്തി നില്‍ക്കെ ചലച്ചിത്രോത്സവം സമ്മാനിക്കുന്നത്.
റെഡ് സീ ഫിലിം ഫെസ്റ്റിന്റെ ഒന്നാം പതിപ്പ് തന്നെ വന്‍വിജയമായിരുന്നിട്ടും വലിയ ആശങ്കകളോടെയാണ് ഇത്തവണ ജിദ്ദയിലെത്തിയതെന്നും എന്നാല്‍ അതെല്ലാം അസ്ഥാനത്താണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത് പ്രമുഖ താരങ്ങളെല്ലാം തുറന്നു പറയുന്നു.
ശേഖർ കപൂർ, നോട്ടി ബോയ്, ജെഫ് മിർസ
സൗദി അറേബ്യയിലെ ആതിഥ്യമര്യാദയും ജനങ്ങളുടെ സ്‌നേഹവും ഹോളിവുഡ്, ബോളിവുഡ് വ്യത്യാസമില്ലാതെ ഈ രാജ്യത്ത് വളര്‍ന്നുവരുന്ന ചലച്ചിത്ര സംസ്‌കാരത്തിന്റെ രുചി അനുഭവിക്കാനെത്തിയ താരങ്ങള്‍ പറയുന്നു.
മൂന്ന് വേദികളിലായി അത്യാകര്‍ഷകമായി ഒരുക്കിയ ഫിലിം ഫെസ്റ്റിനെത്തിയ അതിഥികള്‍ക്ക് ഒരുക്കിയ താമസ, ഗതാഗത സൗകര്യങ്ങള്‍ മികച്ചതാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുന്ന വി.ഐ.പികള്‍ക്ക് ഏര്‍പ്പെടുത്തിയതും വി.ഐ.പി വാഹനങ്ങളാണ്.
റെഡ് കാര്‍പറ്റില്‍ അണിനിരന്ന താരങ്ങളും സംവാദങ്ങളില്‍ പങ്കെടുക്കുന്ന പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകരും പിച്ചവെച്ചു തുടങ്ങിയ സൗദിയിലെ ചലച്ചിത്ര രംഗത്തെ നിറഞ്ഞ മനസ്സോടെ അനുമോദിക്കുന്നു.
ഷാരൂഖ് ഖാൻ
താമസ, ഗതാഗത സൗകര്യങ്ങള്‍ മാത്രമല്ല, റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ ഭക്ഷണവും അതിഥികളുടെ വയറും മനവും നറിച്ചു. ഉദ്ഘാടന ദിവസം തത്സമയം പാകം ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷണ വിഭവങ്ങളുടെ വീഡിയോകള്‍ ലൈവായി ഷെയര്‍ ചെയ്യാന്‍ താരങ്ങളും മോഡലുകളും മത്സരിക്കുന്നത് കണ്ടു.
ബോളിവുഡ് താരം ഷാരൂഖ് ഖാനും ഹോളിവുഡ് നടി ഷാരോണ്‍ സ്‌റ്റോണും പങ്കുവെച്ചത് സൗദി ജനതയുടെ സ്‌നേഹത്തെ കുറിച്ചാണ്. ചുറ്റുമുള്ളവര്‍ സമ്മാനിച്ച മുന്‍വിധിയോടെയാണ് സൗദിയിലേക്ക് വിമാനം കയറിയതെന്ന് ഷാരോണ്‍ സ്‌റ്റോണ്‍ തുറന്നു പറയുകയും ചെയ്തു.
മുഹമ്മദ് അല്‍തുര്‍ക്കി, ജുമാന അല്‍ റാഷിദ്
മൂന്ന് വേദികളിലായാണ് ഡിസംബര്‍ പത്ത് വരെ നീളുന്ന ചലച്ചിത്രോത്സവം മുന്നേറുന്നത്. റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലാണ് മുഖ്യവേദി. റെഡ് കാര്‍പറ്റ്, റെഡ് സീ ഗാല തിയേറ്റര്‍, റെഡ് സീ ലോഞ്ച്, പാര്‍ട്‌ണേഴ്‌സ് ലോഞ്ച്, റെഡ് സീ സൂക്ക്, വി.ആര്‍.സോണ്‍, ഫെസ്റ്റിവല്‍ ഗാര്‍ഡന്‍, വെല്‍ക്കം സോണ്‍ എന്നിവ ഇവിടെയാണ്.
റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിന്റെ എതിര്‍വശത്ത് അല്‍ഹംറ കോര്‍ണിഷ് പാര്‍ക്കിലാണ് ഔട്ട്‌ഡോര്‍ സ്‌ക്രീനിംഗിനുള്ള വേദി. റെഡ് സീ മാളിലുള്ള വോക്‌സ് സിനിമയിലാണ് എട്ട് സ്‌ക്രീനുകള്‍.
ഇതു വെറുമൊരു ഫെസ്റ്റിവല്‍ അല്ലെന്നും അതിലുമപ്പുറമാണെന്നും റെഡ് സീ ഫൗണ്ടേഷന്‍ അധ്യക്ഷയും മലയാളം ന്യൂസ് അടക്കമുള്ള ദിനപത്രങ്ങളുടെ പ്രസാധകരായ എസ്.ആര്‍.എം.ജി സി.ഇ.ഒയുമായ ജുമാന അല്‍ റാഷിദ് പറഞ്ഞു. ഇത്തവണ ഒമ്പത് സൗദി ഫിലിമുകളാണ് പ്രദര്‍ശിപ്പിക്കുന്നതെങ്കില്‍ അടുത്തവര്‍ഷം എത്രയോ അധികമായിരിക്കുമെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര വിജ്ഞാനത്തേയും അന്താരാഷ്ട്ര പ്രതിഭകളേയും മേഖലയിലെത്തിക്കാന്‍ സാധിക്കുമെന്നും അവര്‍ പ്രത്യാശിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിവലില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ വര്‍ഷത്തെ സംഘാടനമെന്നും പ്രാദേശിക ഫിലിം വ്യവസായം ഉയര്‍ന്നുവരുമെന്നും റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സി.ഇ.ഒ മുഹമ്മദ് അല്‍ തുര്‍ക്കി പറഞ്ഞു.