ഒരു നടി എന്ന നിലയില്‍ വിജയിച്ചവരുടെ പട്ടികയിലാണ് ഇന്ന് ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ സ്ഥാനം. താരം ഒരഭിമുഖത്തില്‍ നടത്തിയ അപേക്ഷയാണ് ഇപ്പോള്‍ വൈറലായത്. തനിക്ക് ഉറ്റ സുഹൃത്ത് ആലിയ ഭട്ടുമൊത്ത് ഒരു സിനിമയില്‍ അഭിനയിക്കണം എന്നാണ് കത്രീന അഭിമുഖത്തില്‍ പറഞ്ഞത്. അത് തന്റെ വലിയൊരു മോഹമാണ്. അത് വ്യത്യസ്തമായ അനുഭവമായിരിക്കും. ആലിയയും ഇത്തരമൊരു ആഗ്രഹം പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മ്മാതാവും സംവിധാനയകനുമായ ആദിത്യ ചോപ്രയുമായി താന്‍ സംസാരിക്കുകയും ചെയ്തു.
ശക്തമായ രണ്ട് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഉടനുണ്ടാകുമെന്ന പ്രതീക്ഷയും തനിക്കുണ്ടെന്നും താരം പറഞ്ഞു. കത്രീനയുടെ കമന്റ് വന്നയുടന്‍ നിരവധി പേരാണ് ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. ഇരുവരും ഒന്നിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഒരു മികച്ച ചിത്രം ലഭിക്കുമെന്നാണ് ചിലര്‍ പറഞ്ഞ അഭിപ്രായം. തങ്ങളുടേതായ പ്രോജക്ടുകളുമായി തിരക്കിലാണ് ഇരുവരും. ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോയില്‍ അഭിനയിക്കുകയാണ് കത്രീന. ആനന്ദ് എല്‍. റായിയുടെ ചിത്രത്തില്‍ നായികയാകുന്നതിന്റെ സന്തോഷം താരം നേരത്തെ പങ്കുവച്ചിരുന്നു. ബ്രഹ്മാസ്ത്രയാണ് ആലിയയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.