ക്വാലലംപുര്‍- ലോകത്തെ ആശ്ചര്യപ്പെടുത്തിയ ഭരണമാറ്റത്തിനു തൊട്ടുപിന്നാലെ മലേഷ്യന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്രാഹിമിന്റെ മോചനം സാധ്യമാകുന്നു. ലൈംഗികാപവാദക്കേസില്‍ തടവിലായ അദ്ദേഹത്തിന്റെ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ചൊവ്വാഴ്ച മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മകള്‍ നൂറുല്‍ ഇസ്സ പറഞ്ഞതായി മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്‍വറിന്റെ ബദ്ധവൈരിയായിരുന്ന മഹാതീര്‍ മുഹമ്മദ് പ്രധാനമന്ത്രിയായി തിരിച്ചെത്തിയതിനു പിന്നാലെ അപ്രതീക്ഷിതമായാണ് ഇരുവര്‍ക്കുമിടയിലെ സൗഹൃദം പുനസ്ഥാപിക്കപ്പെട്ടതും മോചനത്തിന് വഴിതെളിഞ്ഞതും. അന്‍വര്‍ ഇബ്രാഹീം ഉടന്‍ മോചിതനാകുമെന്ന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മഹാതീര്‍ മുഹമ്മദ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നു മോചനമുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല.
നേരത്തെ മഹാതീര്‍ മുഹമ്മദ് പ്രധാനമന്ത്രിയായിരിക്കെ ഉപപ്രധാനമന്ത്രിയായിരുന്ന അന്‍വര്‍ ഇബ്രാഹിനെ കേസില്‍ കുടുക്കി രാഷ്ട്രീയമായി ഒതുക്കിയതാണെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയ എതിരാളികളായ ഇരുവരും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഏവരേയും അമ്പരിപ്പിച്ച് പുതിയ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത്. മോചിതനായാല്‍ പ്രധാനമന്ത്രി പദവി അന്‍വറിനു വിട്ടു നല്‍കാന്‍ മഹാതീര്‍ തയാറായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
1998-ല്‍ ഉപപ്രധാനമന്ത്രി പദവിയില്‍നിന്നു മാറ്റപ്പെട്ട അന്‍വര്‍ ലൈംഗികാപവാദക്കേസില്‍ ആറു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 2004-ല്‍ ശിക്ഷ മലേഷ്യന്‍ പരമോന്നത കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് മോചിതനായി. പിന്നീട് 2015-ല്‍ വീണ്ടും മറ്റൊരു ലൈംഗികാപവാദക്കേസില്‍ അന്‍വറിനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് നടത്തിയ രാഷ്ട്രീയ പ്രേരിത നീക്കമാണിതെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. തടവ് ശിക്ഷയനുഭവിക്കുന്ന അന്‍വര്‍ ഇപ്പോള്‍ ഒരു ശസ്ത്രക്രിയയ്ക്കു ശേഷം ക്വാലലംപൂരിലെ ചെരസ് റിഹാബിലിറ്റേഷന്‍ ഹോസ്പിറ്റലില്‍ വിശ്രമത്തിലാണ്. മലേഷ്യന്‍ നിയമ പ്രകാരം രാജാവ് മാപ്പുനല്‍കി മോചിനതാക്കിയില്ലെങ്കില്‍ ഉന്നത രാഷ്ട്രീയ പദവികള്‍ വഹിക്കാനാവില്ല.