ന്യൂദല്‍ഹി- ഛത്തീസ്ഗഢില്‍ പിതാവിനെ പോലീസുകാര്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് മകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചു. ഇരകളുടെ ജീവിക്കാനുള്ള അവകാശത്തിന്റെയും അന്തസ്സിന്റെയും ലംഘനമാണിതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ കോണ്‍സ്റ്റബിള്‍ പിതാവിനെ മര്‍ദിക്കുന്നതു കണ്ട് 23കാരന്‍ ഓടുന്ന ട്രെയിനിനു മുന്നില്‍ ചാടിയാണ് മരിച്ചത്.
അച്ഛനെ പോലീസ് മര്‍ദിക്കുന്നതും കണ്ടതിനുശേഷം അപമാനം സഹിക്കാനാവാതെയാണ് മകന്‍ ആത്മഹത്യ ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരുടെ വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ സമീപനം കാരണം വിലപ്പെട്ട ഒരു മനുഷ്യജീവനാണ് നഷ്ടപ്പെട്ടതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ, കുടുംബത്തിന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നാലാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ടാണ് ഛത്തീസ്ഗഢ് പോലീസ് ഡയറക്ടര്‍ ജനറലിന് കമ്മീഷന്‍ നോട്ടീസ് അയച്ചത്.