Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞം സമരം: സംഘർഷാവസ്ഥ ഇല്ലാതാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം - ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട് - വിഴിഞ്ഞം സമരമുഖത്തെ സംഘർഷാവസ്ഥ ഇല്ലായ്മ ചെയ്യാൻ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തണമെന്നും പോലിസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ സർക്കാറിന് ചേർന്നതല്ലെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. 

സമരത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം, മന്ത്രിമാരെ പറഞ്ഞയച്ച്  പ്രകോപനപരമായ പ്രസ്താവനകൾ നടത്തിക്കുന്നത് ശരിയായ നടപടിയല്ല. സർക്കാർ നിലപാട് അംഗീകരിക്കാത്തത് രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുകയും ജീവിതമാർഗം തടയപ്പെടുകയും ചെയ്യുന്നവർ നടത്തുന്ന സമരമാണെന്ന പ്രാഥമിക ബോധം സർക്കാറിനുണ്ടാവണം. പോലിസ് നടപടിയിലൂടെ സമരം അടിച്ചമർത്താൻ ശ്രമിക്കുന്നത് ഫാഷിസ്റ്റ് രീതിയാണ്. ജനാധിപത്യ സർക്കാർ ആ വഴി സ്വീകരിക്കരുത്. പ്രദേശവാസികളായ സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങളെ മുഖവിലക്കെടുക്കണം. 

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

സമരക്കാരുടെ മതം നോക്കി പോലിസ് നടപടിയെടുക്കുന്ന രീതിയും അംഗീകരിക്കാനാവില്ല. തുറമുഖ നിർമാണ പ്രവർത്തനം പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിഭാഗം ആളുകൾക്കും വിവേചനരഹിതമായി മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇതിൽ നിന്നും ജനാധിപത്യ സർക്കാറിന് ഒളിച്ചോടാനാവില്ലെന്നും എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. 

സമരക്കാരെ വംശീയ അധിക്ഷേപം നടത്തിയ സംഘ്പരിവാർ സമുദായ ധ്രുവീകരണം സൃഷ്ടിച്ച് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന ബോധം സർക്കാറിനുണ്ടാവണം. സംഘ്പരിവാർ അജണ്ടയിൽ വീണുപോവാതിരിക്കാൻ സമര നേതൃത്വവും ശ്രദ്ധിക്കണം. മന്ത്രിയെ മതം നോക്കി അധിക്ഷേപിച്ചതും അപലപനീയമാണ്. 

അക്രമാസക്തവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതുമായ സമര രീതികളെ ഒരു നിലക്കും അംഗീകരിക്കാനാവില്ല. അത്തരം രീതികൾ പൊതുജന പിന്തുണ നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. കോർപ്പറേറ്റുകളുടെയും  സംഘ്പരിവാർ അജണ്ടകളുടെയും പക്ഷം പിടിക്കുന്നതിന് പകരം സമരത്തിന്റെ സമാധാനപരമായ പരിഹാരത്തിന് വേണ്ടി സർക്കാർ പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
 

Latest News