തിരുവനന്തപുരം - ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന് എതിരായ വർഗീയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീൻ അതിരൂപതയും. 'അബ്ദുറഹിമാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട്' എന്ന പരാമർശത്തിലാണ് വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ഖേദം പ്രകടിപ്പിച്ചത്.
പരാമർശം വികാരവിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. ഡിക്രൂസ് പറഞ്ഞു. സമുദായങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. പരാമർശം തെറ്റായിരുന്നുവെന്നും വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും പിൻവലിക്കുന്നതായി ലത്തീൻ അതിരൂപതയും വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രസ്താവന വിവാദം അവസാനിപ്പിക്കണമെന്നും അതിരൂപത അഭ്യർത്ഥിച്ചു.