ബെംഗളൂരു- പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പി.എഫ്.ഐ) നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. പി.എഫ്.ഐ. കര്‍ണാടക പ്രസിഡന്റായിരുന്ന നസീര്‍ പാഷയാണ് കോടതിയെ സമീപിച്ചിരുന്നത്.
സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹരജി പരിഗണിച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള നസീര്‍ പാഷ, ഭാര്യ മുഖേനയാണ് ഹരജി നല്‍കിയത്.
യു.എ.പി.എയുടെ സെക്ഷന്‍ 3 (1) പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് അഞ്ചു വര്‍ഷത്തേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ ആണ് ഹരജിയില്‍ ചോദ്യം ചെയ്തത്.
ഇത്തരമൊരു നിയമം ഉപയോഗിച്ച് നിരോധം ഏര്‍പ്പെടുത്തുമ്പോള്‍ അതിന് വ്യക്തമായ കാരണങ്ങള്‍ അധികാരികള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അതുണ്ടായില്ലെന്നും ഹരജിക്കാര്‍ വാദിച്ചു.