ബെംഗളുരു- കർണാടകയിൽ വോട്ടെടുപ്പു പുരോഗമിക്കവെ വിജയമുറപ്പിച്ച് സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദിയൂരപ്പക്ക് മാനസിക അസ്വാസ്ഥ്യമാണന്ന് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി സിദ്ധാരാമയ്യയുടെ പരിഹാസം. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും അധികാരത്തിൽ തിരിച്ചെത്തുമെന്നും വോട്ടു രേഖപ്പെടുത്തി പുറത്തിറങ്ങവെ അദ്ദേഹം പറഞ്ഞു. വിജയം പ്രവചിക്കുന്നത് യെദിയൂരപ്പയുടെ തന്ത്രമാണെന്നും കോൺഗ്രസ് മുന്നേറ്റത്തിൽ അദ്ദേഹത്തിന്റെ ആശങ്ക മറച്ചുവക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പതിറ്റാണ്ടിനിടെ കർണാടകയിൽ ഒരു സർക്കാരിനും തുടർ ഭരണം ലഭിച്ചിട്ടില്ല. ഈ പതിവ് തെറ്റിച്ച് ഇത്തവണ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് എല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചിട്ടുള്ളത്.