സാവോപോളോ- റഷ്യയിൽ ലോകകപ്പിനു പുറപ്പെടുന്ന ബ്രസീൽ ടീമിലെ കുന്തമുനയാകുമെന്ന് കരുതപ്പെടുന്ന ഗബ്രിയേൽ ജീസസിന് മുൻ ഇതിഹാസ താരം റൊമാരിയോയുടെ വിലപ്പെട്ട ഉപദേശം ലഭിച്ചിരിക്കുന്നു. വേണ്ടുവോളം സെക്‌സിലേർപ്പെടുക. പരമാവധി കളിപുറത്തെടുക്കുക. ലാൻസ് ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിൽ റൊമാരിയോ ജീസസിനെ ഉപദേശിച്ചത് ഇങ്ങനെയാണ്. കളിയിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്നും റൊമാരിയോ ഉപദേശിച്ചു.
തന്റെ കളിയെ കുറിച്ച് ജീസസിന് ബോധ്യമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഫുട്‌ബോൾ ബ്രസീലിന് എന്താണെന്നും ജീസസിന് അറിയാം. ലോകകപ്പിന് പോകുക ഗോളടിക്കുക എന്നതാണ് പരമ പ്രധാനം റൊമാരിയോ പറഞ്ഞു. റഷ്യയിൽ കൂടുതൽ പ്രായോഗികതക്കാണ് ഊന്നൽ നൽകേണ്ടതെന്നും ജീസസിനോട് അദ്ദേഹം പറയുന്നു. ലോകകപ്പിൽ ഗോളടിക്കാനുള്ള ആദ്യ അവസരം ഒരു പക്ഷേ അവസാനത്തേതുമാകാം എന്നത് വളരെ പ്രാധാന്യത്തോടെ ജീസസ് മനസ്സിലാക്കണമെന്നും റൊമാരിയോ ഓർമിപ്പിച്ചു. ബ്രസീലിനും മാഞ്ചസ്റ്റർ സിറ്റിക്കുമായി 46 മാച്ചുകളിൽ നിന്ന് 18 ഗോൾ നേടിയ ജീസസ് ഈയിടെയായി ഗോളടിക്കാൻ ലഭിക്കുന്ന സുവർണാവസരങ്ങളൊക്കെ പാഴാക്കിയിരുന്നു.
റൊമാരിയോയുടെ കളിയോട് പലപ്പോഴും ജീസസിന്റെ പ്രകടനത്തെ താരതമ്യപ്പെടുത്താറുണ്ട്. 1994ൽ യുഎസ്എ ലോകകപ്പിൽ ബ്രസീലിനു വേണ്ടി റൊമാരിയോ കാഴ്ചവച്ച മിന്നും പ്രകടനത്തിന് സമാനമായ പ്രകടനം ഇത്തവണ റഷ്യയിൽ ജീസസ് പുറത്തെടുക്കുമെന്നാണ് ബ്രസീലിയൻ ആരാധകരുടെ പ്രതീക്ഷ.