ന്യൂദല്‍ഹി- വന്ദേ ഭാരത് ട്രെയിനുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് പദ്ധതി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അതിവേഗ ട്രെയിന്‍ യൂറോപ്പ്, തെക്കേ അമേരിക്ക, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വരുന്ന കേന്ദ്ര ബജറ്റില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരും.
അടുത്ത കേന്ദ്ര ബജറ്റില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കായി വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പറയുന്നത് ഏകദേശം 300 മുതല്‍ 400 വരെ പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് വിഹിതമാവും നീക്കി വയ്ക്കുക.
2024ന്റെ ആദ്യ പാദത്തില്‍ സ്ലീപ്പര്‍ കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിന്‍ പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. ഇത് റെയില്‍വേയുടെ സമഗ്രമായ മാറ്റത്തിന്റെ സൂചനയാണ്. 475 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ട്രെയിനുകള്‍ രാജ്യത്ത് തലങ്ങും വിലങ്ങും സര്‍വീസ് നടത്തും. ദല്‍ഹി - മുംബൈ, ദല്‍ഹി - ഹൗറ തുടങ്ങിയ റൂട്ടുകളിലും മറ്റ് പ്രധാന റൂട്ടുകളിലും നിലവിലുള്ള രാജധാനി, തുരന്തോ ട്രെയിനുകള്‍ക്ക് പകരമായി വന്ദേ ഭാരത് വരുമോ എന്നും അഭ്യൂഹമുണ്ട്.