Sorry, you need to enable JavaScript to visit this website.

നിറക്കൂട്ടുകളുമായി പ്രവാസി വീട്ടമ്മ

നീനു സാംസൺ


പ്രവാസി കുടുംബിനികളുടെ ജീവിതമേറെയും ഉറങ്ങിയും ടി.വി കണ്ടും തീരുകയാണ്. എങ്ങോട്ടും പോകാനില്ലാതെ, മറ്റൊന്നും ചെയ്യാനില്ലാതെ സമയത്തെ കൊന്നുള്ള ജീവിതം. സമയത്തെ വരുതിയിലാക്കിയും അല്ലാതെയും ജീവിക്കാമെന്നുള്ള തെരഞ്ഞെടുപ്പ് മുന്നിൽ വന്നപ്പോൾ, പാഴ് വസ്തുക്കളിൽനിന്ന് അത്ഭുതം സൃഷ്ടിക്കാനാണ് ആലപ്പുഴ സ്വദേശിനി നീനു സാംസൺ തീരുമാനിച്ചത്. പലരും പാഴ്‌വസ്തുക്കളായി തള്ളിക്കളയുന്ന സാധനങ്ങൾ കൊണ്ട് വീടിനു അലങ്കാരമാക്കാവുന്ന വിവിധ കരകൗശല വസ്തുക്കൾ നിർമിക്കുന്നതിനാണ് നീനു തന്റെ ഒഴിവുസമയം ചെിലവഴിക്കുന്നത്. പാഴ്‌വസ്തുക്കൾ എന്തെങ്കിലും കണ്ണിൽ പെട്ടാൽ അത് കളയാനുള്ള മാർഗത്തെ കുറിച്ചായിരിക്കില്ല അതെങ്ങനെ ആകർഷകമായ ഒരു കാഴ്ചയാക്കി മാറ്റാം എന്നായിരിക്കും നീനുവിന്റെ ചിന്ത. 
മുട്ടയുടെ തോൽ, പിസ്സയുടെ പുറംതോട്, പഴയ പുസ്തകങ്ങൾ, ഉപയോഗ ശൂന്യമായ വസ്ത്രങ്ങൾ, മുത്തുകൾ, വയർ തുടങ്ങി എന്തും അലങ്കാര വസ്തുവാക്കി മാറ്റുന്ന മിക്‌സഡ് മീഡിയ കരകൗശല വിദ്യയാണ് കൂടുതലും താത്പര്യം. കാൻവാസിൽ ഒട്ടിച്ച ശേഷം ചായം കൊടുത്താണ് ഇവ ആകർഷകമാക്കുന്നത്. കിട്ടുന്നതെന്തും രൂപമാറ്റം വരുത്തുന്നതിനാൽ പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയുള്ള സൃഷ്ടികൾക്ക് മുതിരാറില്ല എങ്കിലും പ്രകൃതിക്ക് പ്രാധാന്യം നൽകിയുള്ള വിരുതുകളാണ് കൂടുതലും രൂപം നൽകാറുള്ളത്. 


കരകൗശല മേഖലയിൽ അധികമാരും ശ്രമിച്ചിട്ടില്ലാത്ത ത്രീ ഡി (3ഉ ) നിർമാണത്തിൽ പുതിയ പരീക്ഷണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കളിമണ്ണ് കുഴച്ചു പരുവത്തിലാക്കി കാൻവാസിൽ ഒട്ടിച്ച് നിറം നൽകുന്ന രീതിയാണിത്. ദിവസങ്ങളുടെ പ്രയത്‌നം ഇതിന് ആവശ്യമാണ്. കാൻവാസിന്റെ ബോർഡർ അടക്കം എല്ലാം കളിമണ്ണ് കൊണ്ട് ചെയ്ത് വെയിലത്ത് വെച്ച് ഉണക്കിയ ശേഷം നിറം നൽകിക്കഴിഞ്ഞാൽ ചിത്രങ്ങൾക്ക് ജീവൻ തുടിക്കും. പേനയുടെ മുന പെയിന്റിൽ മുക്കി വളരെ സൂക്ഷ്മമായി ചെയ്യേണ്ട നിബ് പെയിന്റിങും ചെയ്യുന്നുണ്ട്.
പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള ആഭരണ നിർമാണവും പ്രധാന ഇനമാണ്. പഴയ പുസ്തകങ്ങൾ, ചെറിയ വിത്തുകൾ, അരി, വിവിധ ധാന്യ പൊടികൾ എന്നിവ നീനുവിന്റെ കയ്യിൽ അകപ്പെട്ടാൽ പെട്ടത് തന്നെ. ഇവയെല്ലമാണ് ആകർഷകമായ ആഭരണങ്ങൾ നിർമ്മിക്കാനുള്ള പ്രധാന സാധന സാമഗ്രികൾ. സാധാരണ ചിത്രമെഴുത്തിലും പാടവം തെളിയിച്ചിട്ടുള്ള നീനു സാംസണ് ഓയിൽ പെയിന്റിങുകളോടാണ് കൂടുതൽ അഭിരുചി. ബീഡ്, ടെക്സ്റ്റർ, ലാൻഡ്‌സ്‌കേപ്പ് തുടങ്ങി പെയിന്റിങിന്റെ എല്ലാ മേഖലയും ഇവർക്ക് വഴങ്ങും. ഗ്ലാസ് പെയിന്റിങിൽ വിദഗ്ദ്ധയായ നീനു, ഇവിടെയും വേറിട്ട പാതയിലാണ് യാത്ര. റിവേഴ്‌സ് പെയിന്റിങ്, ബ്ലൂ ഗ്ലാസ്, പൊട്ടിയത് പോലെ തോന്നിപ്പിക്കുന്ന ബ്രോക്കൻ ഗ്ലാസ് പെയിന്റിങ് തുടങ്ങിയ ഗ്ലാസ് പെയിന്റിങ് രംഗത്തെ ആധുനിക രീതികൾ എല്ലാം പരീക്ഷിച്ചു കഴിഞ്ഞു.


നീനുവിന്റെ അടുക്കളയിൽ ബാക്കിയാവുന്ന പച്ചക്കറികൾക്കും രക്ഷയില്ല. ബാക്കിയാവുന്ന പച്ചക്കറികളിൽ നിന്ന് വ്യത്തിയുള്ളവ തെരഞ്ഞെടുത്ത് ഉണക്കി കരകൗശല നിർമാണത്തിന് ഉപയോഗപ്പെടുത്തും. ഇനിയും ബാക്കിയാവുന്നവ അവരുടെ ബാൽക്കണിയിലെ കൃഷിയിടത്തിന്റെ വളമാണ്. ചീര, തക്കാളി, വഴുതിന, മല്ലിയില, പാവയ്ക്ക, മുളക്, പയർ.. എണ്ണിയാൽ ഒടുങ്ങില്ല ആ ചെറു ബാൽക്കണിയിലെ കൃഷിയിനങ്ങൾ. ആവശ്യക്കാർക്ക് ആശ്വാസമായി പനികൂർക്ക, തുളസി, കറ്റാർ വാഴ തുടങ്ങിയ ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്. 
എന്നാൽ ഇവയൊന്നുമല്ല ബാൽക്കണിയിലെ താരം. ബക്കറ്റിൽ വളരുന്ന മൂന്ന് വർഷം പ്രായമായ തെങ്ങിൻ തൈ ആണ് ആശ്ചര്യമായി നിൽക്കുന്നത്. സാധാരണക്കാരന്റെ കയ്യിൽ ലഭിച്ചാൽ പാഴ്‌വസ്തുവായി മാറുമായിരുന്ന ഒരു തേങ്ങയാണ് തലയെടുപ്പോടെ നിൽക്കുന്ന തെങ്ങിൻ തൈയാക്കി ഇവർ മാറ്റിയത്. മൂന്ന് വർഷം മുമ്പ് ലുലുവിൽ നിന്ന് വാങ്ങിയ ഒരു തേങ്ങ രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുളപൊട്ടിയത് കണ്ടപ്പോൾ ഒരു ബക്കറ്റിൽ മണ്ണ് നിറച്ചു അതിൽ നടുകയായിരുന്നു. ദിവസം വളവും വെള്ളവും നൽകി പരിപോഷിപ്പിച്ചപ്പോൾ തൈ നന്നായി വളർന്നു വന്നു. കരുത്തോടെ വളരുന്ന കൽപവൃക്ഷം വലുതാകുമ്പോൾ ബാൽക്കണിയിൽ നിലനിർത്താൻ കഴിയുമോ എന്ന ആശങ്കയിലാണിവർ.
സ്‌കൂൾ പഠനകാലത്ത് കഥ,  കവിത എഴുത്തിൽ വിനോദം കണ്ടെത്തിയിരുന്ന നീനു സാംസൺ, പത്ത് വർഷം മുമ്പ് ജുബൈലിൽ എത്തിയതോടു കൂടിയാണ് കരകൗശല നിർമാണ രംഗത്ത് ആനന്ദം കണ്ടെത്തിയത്. ജുബൈലിലെ വിവിധ പരിപാടികളിൽ പ്രദർശനം നടത്താറുള്ള നീനുവിന്റെ കരകൗശല സൃഷ്ടികൾ, റോയൽ കമ്മീഷനിൽ കഴിഞ്ഞ വർഷം നടന്ന പൈതൃകോത്സവത്തിലും പ്രദർശിപ്പിച്ചു. 


വിവിധ ദേശക്കാരായ കുട്ടികൾക്ക് വീട്ടിൽ വെച്ച് കരകൗശല നിർമാണത്തിൽ പരിശീലനം നൽകുന്നുണ്ട്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വനിതകൾക്കും പരിശീലനം നൽകാൻ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. പരിശീലനം നൽകാൻ വേണ്ടി തയ്യാറാക്കിയതും മറ്റുമായി കരകൗശല വിഭവങ്ങളുടെ പ്രദർശനാലയമായിരിക്കുയാണ് നീനുവിന്റെ വീട്. ഗജ വീരൻ ഇല്ലങ്കിലും, കാർഡ്‌ബോർഡിൽ തീർത്ത നെറ്റിപ്പട്ടവും കളിമണ്ണിൽ മെനഞ്ഞെടുത്ത കളിവീടുകളും അടക്കം കരകൗശല വിരുത് കവിഞ്ഞൊഴുകുന്ന ഒരിടമാണത്.
ജുബൈലിലെ പ്രമുഖ പ്രെട്രോകെമിക്കൽ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സാംസൺ ജേക്കബ് എല്ലാ വിധ പിന്തുണയുമായി രംഗത്തുണ്ട്. ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ മൂന്നാം തരത്തിൽ പഠിക്കുന്ന അരുൺ, എൽ.കെ.ജി യിൽ പഠിക്കുന്ന ആഞ്ജലീന എന്നിവർ മക്കളാണ്. മൂത്ത മകൻ അരുണിനും കരകൗശല നിർമാണത്തിൽ താത്പര്യം ഉണ്ട്. 
 

Latest News